KeralaLatest News

യുവാക്കൾക്ക് യോഗ്യതയ്ക്കനുസരിച്ച് തൊഴിൽ കേരളത്തിൽ തന്നെ ലഭ്യമാക്കാൻ ശ്രമിക്കും : മുഖ്യമന്ത്രി

കോർപറേഷൻ സംഘടിപ്പിച്ച തൊഴിൽമേള ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : യോഗ്യതയ്ക്കനുസരിച്ച് തൊഴിൽ യുവാക്കൾക്ക് കേരളത്തിൽ തന്നെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കിൽഡ് തൊഴിലാളികൾ കൂടുതലായി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് തങ്ങൾ ആർജിച്ച യോഗ്യതയ്ക്കുള്ള തൊഴിൽ ഇവിടെ ലഭിക്കാത്തതിനാലാണ്. ഈ സാഹചര്യത്തിന് അന്ത്യംകുറിക്കാനാകണമെന്നാണ് സർക്കാർ ആഗ്രഹം. ഒരു മനുഷ്യൻ ഏറ്റവും മികവുറ്റു നിൽക്കുന്ന യൗവനത്തിലെ പ്രവർത്തനശേഷി മറ്റ് രാജ്യങ്ങൾക്ക് ലഭിക്കുകയാണ്. ഇത് ഇവിടെത്തന്നെ ലഭിക്കാനുതകുന്ന നടപടികളാണ് സംസ്ഥാനം സ്വീകരിക്കുന്നത്. നമ്മുടെ നാട്ടിലേക്ക് അന്താരാഷ്ട്ര ബഹുരാഷ്ട്ര കമ്പനികളടക്കം കടന്നുവരികയാണ്. നമ്മുടെ നാടിനെ നല്ല രീതിയിൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രളയദുരന്തത്തിനുശേഷം ഏതുതരത്തിൽ പുതിയൊരു കേരളം സൃഷ്ടിക്കാം എന്നാണ് നമ്മൾ ചിന്തിക്കുന്നത്. യുവാക്കൾക്ക് ഒരാശങ്കയും വേണ്ട, നമ്മുടെ നാടിനെ കാലാനുസൃതമായി അഭിവൃദ്ധിപ്പെടുത്താൻ സാധിക്കും. നമ്മുടെ സംസ്ഥാനത്ത് നല്ല തൊഴിൽ അന്തരീക്ഷമാണ്. കേരളത്തിൽ സ്ഥാപിതമായ ഏതെങ്കിലും തൊഴിൽസ്ഥാപനം ഇവിടെയുള്ള തൊഴിൽപ്രശ്‌നത്തിന്റെ പേരിൽ അടയേണ്ട സ്ഥിതി വന്നിട്ടില്ല. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ഏതു സ്ഥാപനത്തിന്റെ മേധാവിയോട്് ചോദിച്ചാലും നല്ല തൊഴിലാളി -തൊഴിലുടമാ ബന്ധമാണ് നിലനിൽക്കുന്നത് എന്നാണ് അഭിപ്രായം. എന്നാൽ കേരളത്തിൽ മുതൽമുടക്കിയാൽ എന്തോ പ്രയാസം ഉണ്ടാകുമെന്നാണ് പുറത്തുള്ള ചിത്രം. ഇവിടെ വ്യവസായം തുടങ്ങാൻ അപേക്ഷ നൽകിയാൽ വലിയ കാലതാമസമുണ്ടാകുമെന്ന പരാതി പരിഹരിക്കാൻ നടപടിയെടുത്തു. കാലതാമസത്തിന് അവസാനം കുറിക്കാനാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സംവിധാനത്തിലൂടെയാണ് നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നത്. ഇതിന് ഒട്ടേറെ നിയമങ്ങൾ നിയമസഭയിൽ ഭേദഗതി ചെയ്തു. ഒരപേക്ഷ കൊടുത്താൽ നിശ്ചിതദിവസത്തിനുള്ളിൽ അനുമതി ലഭിച്ചില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി നടപടികൾ സ്വീകരിക്കാം. സമൂഹത്തിന്റെ കാഴ്ചപ്പാടിലും നല്ലരീതിയിലുള്ള പുരോഗതിയുണ്ടാകണം. നിക്ഷേപത്തിന് തയാറാകുന്നവർ നാടിനുള്ള സേവനം കൂടി നടത്തുകയാണ്. സ്വാഭാവികമായും അതിന്റെ ഭാഗയി അവർക്കുള്ള ലാഭവും ലഭിക്കും. ഒരു നിക്ഷേപകൻ വരുമ്പോൾ ഉടക്കിടുന്ന സമീപനം തദ്ദേശസ്ഥാപനങ്ങളുൾപ്പെടെ അധികൃതരും സ്വീകരിക്കരുത്. കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള നല്ലൊരു തുടക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയർ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കെ. ശ്രീകുമാർ, വഞ്ചിയൂർ ബാബു, പാളയം രാജൻ, എസ്.എസ്. സിന്ധു, കോർപറേഷൻ സെക്രട്ടറി എൽ.എസ്. ദീപ തുടങ്ങിയവർ സംബന്ധിച്ചു. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ആദ്യ തൊഴിൽ മേളയാണിത്. ഓൺലൈൻ സംവിധാനത്തിലൂടെയായിരുന്നു മേളയിലേക്കുള്ള രജിസ്‌ട്രേഷൻ. മേളയ്ക്കായി നിശാഗന്ധി ഓഡിറ്റോറിയത്തിൽ 85 കൗണ്ടറുകൾ ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button