കേരളത്തിന്റെ മത്‌സ്യമേഖലയുടെയും മത്‌സ്യത്തൊഴിലാളികളുടെയും പുനസ്ഥാപനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച 7340 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രം കണ്ടഭാവം നടിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഖി ദുരന്തം അനുസ്മരണവും സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മത്‌സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ അനുഭാവപൂർവമായി പെരുമാറുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഓഖിയ്ക്കു ശേഷം ഇവിടെയെത്തിയ സമിതി 416 കോടി രൂപയുടെ അടിയന്തരസഹായത്തിന് ശുപാർശ ചെയ്തിരുന്നു. ഇത് പൂർണമായി ലഭിച്ചില്ല. പ്രളയകാലത്ത് മത്‌സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് നാടും രാജ്യവും ലോകവും അംഗീകരിച്ചതാണ്. ഇതിനാലാണ് അവരെ കേരളത്തിന്റെ സേനയായി വിശേഷിപ്പിച്ചത്. ഇതിന് കേരളം എക്കാലവും മത്‌സ്യത്തൊഴിലാളികളോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ മത്‌സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാൻ നാടിന് ഉത്തരവാദിത്തമുണ്ട്. എത്ര ചെയ്തു നൽകിയാലും അധികമാവില്ലെന്ന് സർക്കാരിനറിയാം. മത്‌സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി 15,000 നാവിക് ഉപകരണങ്ങളും 1000 സാറ്റലൈറ്റ് ഫോണുകളും 40,000 പേർക്ക് ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്യും. മത്‌സ്യമേഖലയുടെ സമഗ്രവികസനത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്‌സ്യത്തൊഴിലാളികൾക്ക് നാവിക് ഉപകരണങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. വി.ജെ.ടി ഹാളിന് മുന്നിൽ ഒരുക്കിയിരുന്ന ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ധനസഹായ വിതരണം നടത്തി. ലൈഫ് ജാക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമ ഫോട്ടോഗ്രാഫർമാരെടുത്ത ചിത്രങ്ങളുടെ പ്രദരശനം വി.ജെ.ടി ഹാളിൽ ഒരുക്കിയിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം. എൽ. എമാരായ വി. എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ. ആൻസലൻ, അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ, ലത്തീൻ രൂപത ബിഷപ്പ് ഡോ. എം. സൂസപാക്യം, പാളയം ഇമാം വി. പി. സുഹൈബ് മൗലവി, ജില്ലാ കളക്ടർ കെ. വാസുകി, കൗൺസിലർ ഐഷ ബക്കർ, മത്‌സ്യഫെഡ് ചെയർമാൻ പി. പി. ചിത്തിരഞ്ജൻ, വിവിധ മത്‌സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Post Your Comments