തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ ആദ്യ കുറ്റപത്രത്തിന് ഡിജിപിയുടെ അനുമതി. നൂറ്റിപത്ത് പേരുടെ മരണത്തിനിടെയാക്കിയ വെടിക്കെട്ടിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. റവന്യൂ- പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടരുകയാണെന്ന് ക്രൈം ബ്രഞ്ച് കോടതിയെ അറിയിക്കും.
സംഭവം നടന്ന് രണ്ടര വർഷങ്ങള്‍ക്കു ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകുന്നത്. അനുമതിയില്ലാതെ മത്സര കമ്പം സംഘടിച്ചവരെയാണ് ആദ്യ കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. പുറ്റിങ്ങൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മത്സര കമ്പത്തിൽ പങ്കെടുത്തവരുമായ 59 പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതിൽ 7 പേർ മരിച്ചു. 66 വാല്യങ്ങളായുള്ള വലിയ കുറ്റപത്രമാണ് അന്വേഷണം ഉദ്യോഗസ്ഥനായ കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി ശ്രീധരൻ പരിശോധക്കായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നൽകിയത്.
കുറ്റപത്രത്തിൽ 1500 സാക്ഷികളുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവരാണ് പ്രധാന സാക്ഷികള്‍.
കൊലപാതകം, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കൽ തുടങ്ങി 10 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുരന്തമുണ്ടായതിന് ശേഷം കമ്പം സംഘടിപ്പിച്ചവരുടെ ഗോഡൗണുകളിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.
2016 ഏപ്രിൽ 10 പുലർച്ചെ മൂന്നു മണിക്കാണ് കൊല്ലം പരവൂരുള്ള ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടാകുന്നത്. 110 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments