ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചാ നിരക്ക് വെട്ടി കുറച്ച കേന്ദ്ര് സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുര്‍ജെവാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയത്. ശസ്ത്രക്രിയ വിജയം, എന്നാല്‍ രോഗി മരിച്ചു എന്നായിരുന്നു രന്ദീപ് ഇതിനെ പരിഹസിച്ചത്.
കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്തെ (2010-11) സാമ്പത്തിക വളര്‍ച്ചനിരക്കിലാണ് കേന്ദ്രം കുറവ് വരുത്തിയത. ഇന്ത്യ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തിയ ഏകവര്‍ഷമായിരുന്നു 2010-11. അതേസമയം ഇന്ത്യയുടെ കഴിഞ്ഞ 15 വര്‍ഷത്തെ വളര്‍ച്ചയെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മോദി സര്‍ക്കാരും അവരുടെ കളിപ്പാവയായ നീതി ആയോഗും രണ്ടും രണ്ടും കൂട്ടിയാല്‍ എട്ടെന്നാണ് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം തന്ത്രങ്ങളും ചെപ്പടിവിദ്യകളും വഞ്ചനയും കാണിച്ച് പഴയ രേഖകള്‍ വില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പഴ രേഖകളൊക്കെ മാറ്റി മറിച്ചാലും മോദിക്ക് അധികാരത്തില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള തിയതിയില്‍ മാറ്റം വരുത്താനാവില്ല. ജിഡിപി എന്നാല്‍ മോദിജിയുടെ പുതിയ വ്യാഖ്യാനം പൊടിക്കൈ ഡാറ്റ ഉത്പന്നം ((ഗിമ്മിക്രി ഡാറ്റാ പ്രൊഡക്ട്) എന്നാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് വളര്‍ച്ചാ നിരക്ക് സംബന്ധിച്ച വിവരം സര്‍ക്കാര്‍ പുറത്തു വിട്ടത്. 2004-05 സാമ്പത്തിക വര്‍ഷത്തിനുപകരം 2011-12 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി കണക്കാക്കി മുന്‍ വര്‍ഷങ്ങളിലെ വിവരങ്ങള്‍ പുനഃപരിശോധിക്കുന്നതിനിടെയാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സി.എസ്.ഒ.) വളര്‍ച്ചനിരക്കില്‍ കുറവുവരുത്തിയത്.
ഖനനം, ക്വാറിയിങ്, ടെലികോം തുടങ്ങിയ മേഖലകളിലെ കണക്കുകളില്‍ പുനഃപരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സി.എസ്.ഒ. മേധാവി പ്രവീണ്‍ ശ്രീവാസ്തവ എന്നിവരാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
അതേസമയം 2005-06, 2006-07 സാമ്പത്തിക വര്‍ഷങ്ങളിലെ വളര്‍ച്ചനിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. 9.3 ശതമാനം വളര്‍ച്ചാ നിരക്കുണ്ടായിരുന്ന രണ്ടു വര്‍ഷങ്ങളില്‍ 2005-06ലേത് 7.9 ശതമാനവും, 2006-07ലേത് 8.1 ശതമാനവുമായാണ് കുറച്ചത്. അതേസമയം പുതിയ കണക്കുകള്‍ അന്താരാഷ്ട്രതലത്തിലെ കണക്കുകളുമായും യു.എന്‍. സ്റ്റാന്‍ഡേര്‍ഡ് നാഷണല്‍ അക്കൗണ്ടുമായും ഒത്തുപോകുന്നതായി രാജീവ്കുമാര്‍ പറഞ്ഞു.
Post Your Comments