ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സുജാത് ബുഖാരിയെ വെടിവച്ചു കൊന്ന ലക്ഷ്കര്‍ ഇ തൊയ്ബ തീവ്രവാദി നവീദ് ജാട്ടിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ബുദ്ഗാമിലെ ചറ്റേര്ഗാമില് നടന്ന ഏറ്റുമുട്ടലിലാണ് നവീദ് ജാട്ട് കൊല്ലപ്പെട്ടത്. നവീദ് ഉള്‍പ്പെടെ രണ്ടു തീവ്രവാദികളെയാണ് സൈന്യം വകവരുത്തിയത്. ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പാകിസ്ഥാന്‍കാരനായ ജട്ട് ഇൗ ഫെബ്രുവരി 6ന് ശ്രീനഗറിലെ ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതാണ്.
റൈസിംഗ് കശ്മീര്‍ എന്ന ഇംഗ്ലീഷ് പത്രത്തിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ബുഖാരിയെ ജൂണ്‍ 14 ന് അദ്ദേഹത്തിന്‍റെ പത്ര ഓഫിസില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കില്‍ വന്ന മൂന്നംഗ സംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ രണ്ട് സുരക്ഷാ ഭടന്മാരും തല്‍ക്ഷണം കൊല്ലപ്പെട്ടു.ബുഖാരിയുടെ കൊലയാളികളില്‍ രണ്ടാമത്തെ ആളാണ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ബുഖാരിയുടെ മറ്റൊരു കൊലയാളിയായ ആസാദ് അഹമ്മദ് മാലികിനെ സൈന്യം കൊലപ്പെടുത്തിയിരുന്നു.
നേരത്തെ ഹിന്ദുവിന്‍റെ ശ്രീനഗര്‍ ലേഖകനായിരുന്ന ബുഖാരി കശ്മീരില്‍ ഏറ്റവും മാനിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്.2012 ഒക്ടോബറിലാണ് കൊലയാളിയായ നവീദ് ജട്ട് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. ആര്‍മി ഡ്രൈവറായി വിരമിച്ച ആളുടെ മകനായ ജട്ട് അഞ്ചാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ചയാളാണ്. എല്‍ഇടി നടത്തുന്ന മദ്രസ്സയിലാണ് ജട്ടും സഹോദരങ്ങളും പഠിച്ചിരുന്നത്.
2014 ല്‍ ഇയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാരെയും കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തിലുള്ളവരെയും കൊലപ്പെടുത്തുന്ന ദൗത്യമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഇയാള്‍ ഏറ്റുപറഞ്ഞിരുന്നു. പാക്കിസ്ഥാന് പൗരനായ നവീദ് ജാട്ട് പോലീസ് കസ്റ്റഡിയിലിരിക്കെ ഫെബ്രുവരി ആറിന് ശ്രീനഗറിലെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ജൂണ്‍ 14 ന് ദിനപത്രമായ റൈസിംഗ് കാഷ്മീരിന്റെ ചീഫ് എഡിറ്റര്‍ സുജാത് ബുഖാരിയെ കൊലപ്പെടുത്തിയത്.
Post Your Comments