പത്തനംതിട്ട: ഹൈന്ദവവിശ്വാസങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയെ റിമാൻഡ് ചെയ്‍തു. പത്തനംതിട്ട ഒന്നാം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. റിമാൻഡ് ചെയ്ത രഹ്നയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. അതേസമയം, അറസ്റ്റിനെ തുടർന്ന് ബിഎസ്എൻഎല്ലിൽ നിന്നും രഹ്നയെ സസ്‍പെന്‍റ് ചെയ്‍തു. രാത്രിയോടെ ജഡ്ജിയുടെ വീട്ടിലെത്തിച്ചാണ് രഹ്നയെ റിമാന്‍ഡ് ചെയ്തത്.
അയ്യപ്പനെ അവഹേളിച്ചതു കൊണ്ടുള്ള സോഷ്യല്‍ മീഡിയ ആക്ടിവിസമാണ് രഹ്നയ്ക്ക് വിനയാകുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഹ്നയ്‌ക്കെതിരെ കേസ് എടുത്തത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്ത സഹാചര്യത്തില്‍ രഹ്നയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകമാത്രമായിരുന്നു പൊലീസിന് മുൻപിലുള്ള വഴി. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ശേഷവും അറസ്റ്റ് ചെയ്യാതിരുന്നത് വിവാദമായതോടെയാണ് രഹ്നാ ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയണിഞ്ഞ് ശരീരഭാഗങ്ങള്‍ കാണുന്ന തരത്തില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അറസ്റ്റിനു ശേഷവും ഇതിനെ ന്യായീകരിച്ചാണ് രെഹ്ന ഫാത്തിമ പ്രതികരിച്ചത്. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹ്ന ചോദിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് ഫേസ്ബുക്കിലിട്ട കമന്റും പത്താം തീയതി രഹ്നയുടെ തന്നെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും എഴുത്തുകളുമാണ് കേസിന് ആസ്പദമായത്.
ഇത് സംബന്ധിച്ച് ഒക്‌ടോബര്‍ 20ന് ആണ് പത്തനംതിട്ട പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുശേഷവും ആർപ്പോ ആർത്തവം പോലെയുള്ള പരിപാടികളില്‍ പോലിസ് സാന്നിധ്യത്തില്‍ തന്നെ രഹ്ന പങ്കെടുക്കുകയും പ്രകോപന പരമായി പെരുമാറുകയും ചെയ്തിട്ടും പോലിസ് അറസ്റ്റ് ചെയ്യാതിരുന്നത് ഏറെ വിവാദമായിരുന്നു. രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ 16 ന് ഹൈക്കോടതി തള്ളിയിരുന്നു.അതിനിടെ ബി എസ് എന്‍ എല്‍ അറസ്റ്റിനെ തുടര്‍ന്ന് രഹ്നയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ജയിലിലായ സ്ഥിതിക്ക് അവരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യത ഏറെയാണ്.
ഡിസ്മിസ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.ഫേസ്‌ബുക് പോസ്റ്റിലൂടെ മതസ്പര്‍ധ ഉണ്ടാക്കിയെന്ന് കാണിച്ച് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു, ഇതാണ് രെഹ്ന ജയിലിലാകാൻ കാരണവും. പത്തനംതിട്ടയില്‍ എത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും ഇവരുപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ കൈവശമാണെന്നാണ് പറഞ്ഞത്.
പോസ്റ്റ് ഇട്ടത് ഭര്‍ത്താവിന്റെ അറിവോടെയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ആവശ്യമെങ്കില്‍ ഭര്‍ത്താവിനേയും കേസില്‍ പ്രതിയാക്കും. ഈ സാഹചര്യത്തില്‍ തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് മജിസ്‌ട്രേട്ടിനെ സമീപിക്കാന്‍ സാധ്യതയുണ്ട്. രഹ്ന ഫാത്തിമ മലകയറിയതോടെയാണ് ശബരിമല സ്ത്രീപ്രവേശനം ആളികത്തിയത്. മുസ്ലിം നാമധാരിയായ ഫെമിനിസ്റ്റിനെ സര്‍ക്കാര്‍ ബോധപൂര്‍വ്വം മലകയറ്റാന്‍ ശ്രമിക്കുകയായിരുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ശബരിമലയില്‍ ഉണ്ടായത്.
Post Your Comments