കണ്ണൂര്‍: പ്രസംഗത്തിനിടെ എസ്പി യതീഷ്ചന്ദ്രയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ കേസെടുത്തു. കണ്ണൂര്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെയാണ് ശോഭാ സുരേന്ദ്രന് ഭീഷണി പ്രസംഗം നടത്തിയത്. ‘ബൂട്ടിട്ട് ചവിട്ടും പോലെയല്ല ‘നിയുദ്ധ’ പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്നും ശോഭ പ്രസംഗിച്ചിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പിന്തരിപ്പിക്കാന് ശ്രമിച്ചതിനാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. അയ്യപ്പഭക്തരെ ഭേദ്യം ചെയ്തു കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് കര്‍പ്പൂരാഴിയില്‍ ചാടിയാലും അയ്യപ്പശാപത്തില്‍നിന്നു മോചനമുണ്ടാകില്ലെന്ന പരാമര്‍ശവും അവര്‍ നടത്തി.
അയ്യപ്പന്റെ പൂങ്കാവനത്തില്‍ ബൂട്ടിട്ട പൊലീസിനെ അയച്ചു സംഘര്‍ഷമുണ്ടാക്കിയ പിണറായിക്ക് അയ്യപ്പന്റെ ശാപം ഏറ്റുകഴിഞ്ഞു. അയ്യപ്പഭക്തരോടു കാണിച്ച ക്രൂരതയുടെ സര്‍ട്ടിഫിക്കറ്റ് ലോകം പിണറായിക്ക് നല്‍കും. അഭിനവ ഹിരണ്യ കശിപുവായ പിണറായിയെ ജനം തെരുവില്‍ കുറ്റവിചാരണ നടത്തുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു
Post Your Comments