ശ്രീനഗര്‍: ലാന്‍സ് നായിക് നസീര്‍ അഹ്മദ് വാനി, ഷോപിയാനില്‍ വച്ച് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഇന്ത്യക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികന്‍ ഒരിക്കൽ ഭീകര പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന ആളാണെന്ന് ആരെങ്കിലും കരുതുമോ? എങ്കിൽ അതാണ് സത്യം. രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച അദ്ദേഹത്തിന് വെറുക്കപ്പെട്ടൊരു ഭൂതകാലവുമുണ്ടായിരുന്നു.
സൈന്യത്തില്‍ ചേരുന്നതിന് മുന്‍പ് അദ്ദേഹം ഒരു ഭീകര സംഘടനയിലെ അംഗമായിരുന്നു. എന്നാൽ ഭീകരസംഘടനയുടെ ഭാഗമായി ആക്രമണങ്ങള്‍ നടത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് മനസിലാക്കിയ നസീര്‍ അഹ്മദ് ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ച് കീഴടങ്ങുകയായിരുന്നു.
തുടർന്ന് ഇങ്ങനെ മടങ്ങിയെത്തുന്നവർക്കു വേണ്ടിയുള്ള ജമ്മു-കശ്മീരിലെ സര്‍ക്കാര്‍ അനുകൂല മിലിട്ടറി ഗ്രൂപ്പായ ഇഖ്‌വാന്‍ ഫോഴ്‌സിന്റെ ഭാഗമാവുകയായിരുന്നു. ഭീകര പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം വളരെയധികമുള്ള ഒരു ഗ്രാമമായിരുന്നു വാനിയുടേത്. അത്തരമൊരു പ്രതികൂല സാഹചര്യത്തില്‍ നിന്നാണ് അദ്ദേഹം സേനയുടെ ഭാഗമാകുന്നത്. മികച്ച സേവനത്തിന് 2007 ഓഗസ്തില്‍ ധീരതക്കുള്ള സേന മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.
കുല്‍ഗാമിലെ ചേകി അഷ്മുജി ഗ്രാമവാസിയായ നസീര്‍ അഹ്മദ് 2004ലാണ് ടെറിട്ടോറിയല്‍ ആര്‍മിയിലെ 162 ബറ്റാലിയന്റെ ഭാഗമായി ജോലിയില്‍ പ്രവേശിക്കുന്നത്. ഞായറാഴ്ച ഷോപിയാനിലെ ബതാഗുണ്ട് മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് 38കാരനായ വാനി വീരമൃത്യു വരിച്ചത്. വെടിയേറ്റ ഉടനെ തന്നെ വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments