അബുദാബി: ശൈത്യകാലത്തിന് മുന്നോടിയായി യു.എ.ഇയില്‍ ശക്തമായ മഴ തുടരുന്നു. ഭൂരിപക്ഷം നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. കൂടാതെ ഗതാഗതം ആകെ താളം തെറ്റുകയും ചെയ്തു.
ദുബായ് ഉള്‍പ്പെടെ യു.എ.ഇ എമിറേറ്റുകളില്‍ ശക്തമായ മഴയാണുണ്ടായത്. അധികം വൈകാതെ ശൈത്യകാലം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മഴ ഇനിയും ഒന്നു രണ്ടു ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ കടലില്‍ പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ മഴയെ തുടര്‍ന്ന് പ്രധാനപ്പെട്ട പല റോഡുകളിലും വലിയ തോതില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇത് നീണ്ട ഗതാഗത കുരുക്കിനും വഴിയൊരുക്കുകയും ഗതാഗതം ദീര്‍ഘ നേരത്തേക്ക് തടസപ്പെടുകയും ചെയ്തു. പലരും മണിക്കൂറുകളെടുത്താണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നത്. ഇത്തിഹാദ് റോഡില്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ദുബായിലേക്ക് പോകുന്ന വാഹനങ്ങളുടെ കനത്ത പ്രവാഹമായിരുന്നു ഇവിടെ.
താഴ്ന്ന പ്രദേശങ്ങളില്‍ ധാരാളം വെള്ളം കെട്ടി കിടക്കുന്നതിനാല്‍ അതീവ ജാഗ്രതയോടെ വാഹനം ഓടിക്കുന്നതിനും ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് ചില വിമാന സര്‍വീസുകളും വൈകി. മിക്ക സ്‌കൂളുകളും നേരത്തെ പ്രവര്‍ത്തനം നിര്‍ത്തി വിദ്യാര്‍ഥികളെ തിരിച്ചു അവരുടെ വീടുകളിലേക്ക് അയച്ചു. ധാരാളം റോഡ് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ഊര്‍ജിത നീക്കം തുടരുകയാണ് അധികൃതര്‍.
Post Your Comments