ആലപ്പുഴ: സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മയെ ആദരിക്കാൻ അന്താരാഷ്ട്ര സംഘമെത്തുന്നു.കോമണ്‍വെല്‍ത്ത് പ്രതിനിധിസംഘമാണ് റാങ്ക് ജേതാവിനെ കാണാന്‍ ആലപ്പുഴയിലെത്തുക.
വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ രൂപംകൊടുത്ത കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ലേണിംഗ് പ്രതിനിധികളാണ് കാര്‍ത്ത്യായനിയമ്മയെ കാണാന്‍ എത്തുന്നത്. കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ഡോ. ബാലസുബ്രഹ്മണ്യനാണ് അന്തരാഷ്ട്ര സംഘത്തെ നയിക്കുന്നത്.
സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം പേര്‍ എഴുതിയ പരീക്ഷയിലാണ് കാര്‍ത്ത്യായനി അമ്മ ഒന്നാംറാങ്ക് സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവും കാര്‍ത്ത്യായനിയമ്മയാണ്. സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്കിരിക്കാന്‍ അക്ഷരലക്ഷം പരീക്ഷ ജയിക്കണം. പള്ളിക്കൂടത്തില്‍ പോയിട്ടില്ലാത്ത കാര്‍ത്ത്യായനിയമ്മ നാലാംക്ലാസ് ലക്ഷ്യമിട്ടാണ് അക്ഷരലക്ഷം പരീക്ഷ എഴുതിയത്. തുടര്‍ന്ന് ഏഴ്, പത്ത് ക്ലാസുകളിലെ തുല്യതാ പരീക്ഷകളും ജയിച്ചുമുന്നേറി.
Post Your Comments