പന്തളം: തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പന്റെ ചിത്രം അലങ്കരിച്ചു വിളക്കു തെളിക്കുന്ന പതിവുണ്ട്. ഈ നിലവിളക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് പിടിയിലായത് കൊലക്കേസിലെ പ്രതി. കഴിഞ്ഞ ദിവസം പന്തളത്ത് പിടിയിലായ കന്യാകുമാരി കല്‍ക്കുളം ഐക്കരവിളയില്‍ ക്രിസ്റ്റഫര്‍ (ശങ്കര്‍43) ആണ് 2013ല്‍ 40 വയസ്സുകാരനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായത്. ക്രിസ്റ്റഫര്‍ അയ്യപ്പന്റെ ചിത്രത്തിന് മുമ്പിലുള്ള വിളക്ക് തിരി കെടുത്തി കറുത്ത മുണ്ടിട്ട് മൂടി കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാളെ പിടികൂടിയത്.
തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ കേസുണ്ടെന്ന് വെളിപ്പെട്ടത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ തക്കലയിലെ കൊലപാതക വിവരം പുറത്തു വന്നു.തുടര്‍ന്നു തക്കല പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ 2013ല്‍ വാക്കേറ്റത്തിനിടെ 40 വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് ക്രിസ്റ്റഫര്‍ എന്ന് വ്യക്തമായി. ഇയാളെ പിടികൂടാന്‍ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. കൊലപാതക ശേഷം കേരളത്തിലേക്കു മുങ്ങിയ ഇയാള്‍ ഓമല്ലൂര്‍ ഭാഗത്ത് മെയ്ക്കാട് പണിയെടുത്തു വരികയായിരുന്നു.
Post Your Comments