തിരുവനന്തപുരം•ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണിക്കേ കഴിയുകയുള്ളൂവെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണത്തില്‍ തുടരാന്‍ ഇടതു പാര്‍ട്ടികള്‍ കാരണമാകരുതെന്നും ആര്‍.എസ്.പി നേതാവും എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന്‍.
ഉദാരീകരണ സാമ്പത്തിക നയത്തെ പിന്തുണച്ചെന്ന പേരിലാണ് കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി.പി.എം തീരുമാനിച്ചത്. ഉദാരീകരണത്തെ പിന്തുണയ്ക്കാത്ത ഒരു പാര്‍ട്ടിയും രാജ്യത്തില്ല. ബംഗാളിലെ സി.പി.എം മുഖ്യമന്ത്രിമാരായിരുന്ന ജ്യോതിബാസുവും ബുദ്ധദേവ് ഭട്ടാചാര്യയും ഉദാരീകരണത്തെ പിന്തുണിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ ബദല്‍ സൃഷ്ടിക്കുമെന്ന ഇടത് നിലപാട് മതേതര വോട്ടുകള്‍ ഭിന്നിക്കാനും അതുവഴി ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാനും മാത്രമേ സഹായിക്കൂവെന്നും ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തി ഐക്യമുന്നണിയുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാക്കി തിരഞ്ഞെടുപ്പ് വിജയം നേടാനാണ് സി.പി.എമ്മിന്റെ ശ്രമം. ശബരിമല പ്രശ്നത്തിന്റെ പേരില്‍ ജാതിരാഷ്ട്രീയമാണ് കളിക്കുന്നത്. നവോത്ഥാനകാലത്ത് ജാതിചിന്തയില്‍ നിന്ന് സമൂഹം മോചനം നേടിയെങ്കില്‍ ഇപ്പോള്‍ അത് പുനഃസൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അവര്‍ണ, സവര്‍ണ ഭേദം അറിയാത്ത തലമുറയ്ക്ക് മുന്നിലാണ് അത് പറഞ്ഞിളക്കാന്‍ ശ്രമിക്കുന്നത്. ഇതിന് സി.പി.എം വലിയ വില കൊടുക്കേണ്ടിവരുമെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments