പോര്‍ട്ട് ബ്ലയർ: നോർത്ത് സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് വിനോദസഞ്ചാരി ദ്വീപിൽ എത്തുന്നതിനായി മത്സ്യത്തൊഴിലാളികൾക്ക് 25,000 രൂപ നൽകിയിരുന്നതായി റിപ്പോർട്ട്. യുഎസിലെ അലബാമ സ്വദേശി ജോണ്‍ അലൻ ചൗ(27) ആണ് ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 14നാണ് ചൗ മൽസ്യത്തൊഴിലാളികളുടെ ബോട്ടിൽ ദ്വീപിനു സമീപമെത്തിയത്. പിറ്റേന്നു ചെറുവള്ളത്തിൽ ചൗ ഒറ്റയ്ക്ക് ദ്വീപിലേക്കു പോയി. ദ്വീപ് നിവാസികൾ അമ്പേയ്യുന്നത് കണ്ടിട്ടും ഇയാൾ ദ്വീപിലേക്ക് പോകുകയായിരുന്നു.
16–ാം തീയതി വൈകുന്നേരം തിരിച്ചെത്തിയ ചൗ മരുന്നുവയ്ക്കുകയും സെന്റിനലിക്കാരെ കണ്ടതിനെ കുറിച്ചു ഡയറിയിൽ എഴുതുകയും ചെയ്‌തു. രാത്രി വീണ്ടും ദ്വീപിലേക്കു പോയ ചൗവിനെ ഗോത്രവർഗക്കാർ അമ്പെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു. 17നു രാവിലെ ചൗവിനോടു രൂപസാദൃശ്യമുള്ള ഒരാളുടെ ശരീരം ഗോത്രവർഗ്ഗക്കാർ തീരത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നതും മണ്ണിൽ കുഴിച്ചിടുന്നതും മൽസ്യത്തൊഴിലാളികൾ കണ്ടതായാണ് റിപ്പോർട്ട്. അതേസമയം ചൗവിന്റെ മൃതദേഹം വീണ്ടെടുക്കന്നതിനുള്ള നടപടികൾ തുടരുകയാണെന്നു ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അറിയിച്ചു.
Post Your Comments