കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീമാണ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ടീം പരാജയപ്പെടുമ്പോൾ ഈ ആരാധകരിൽ നിന്ന് തന്നെ പല താരങ്ങൾക്കും നേരെ കടുത്ത വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിലെ മലയാളി താരം സി.കെ വിനീതിനേയും ഇത് ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള വിനീതിനെതിരായ വിമര്‍ശനം പലപ്പോഴും വ്യക്തിപരമായ അധിക്ഷേപമായി മാറുന്നുണ്ട്. ഇതിലെ സങ്കടം തുറന്നുപറയുകയാണ് സി.കെ വിനീത്. കലൂര്‍ സ്റ്റേഡിയത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരശേഷം വിനീതിനെ ആരാധകര്‍ ചീത്ത വിളിച്ചിരുന്നു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ യഥാര്‍ത്ഥ ആരാധകരല്ലെന്നും തോൽക്കുമ്പോഴും കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ ആരാധകർ എന്ന വിനീതിന്റെ പരാമർശം ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കി. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ആരാധകരുടെ ഈ രോഷത്തിന് ഇരയാകുന്ന ആദ്യ വ്യക്തി താനെല്ലെന്നും ആദ്യത്തെ ഇര മുഹമ്മദ് റാഫിയാണെന്നും വിനീത് വ്യക്തമാക്കിയിരുന്നു. റിനോയും ഇതുപോലെ കേട്ടിട്ടുണ്ട്. ഇനി നാളെ ആരായിരിക്കും എന്നുള്ളത് മാത്രമേ അറിയാനുള്ളൂ. പലപ്പോഴും ആരാധകര്‍ നീയതു മിസ്സാക്കി എന്ന് മാത്രമേ പറയുന്നുള്ളു. എങ്ങനെ മിസ്സാക്കി, എന്തു മിസ്സാക്കി എന്നുള്ളതൊന്നും ആരും അന്വേഷിക്കുന്നില്ല. അങ്ങനെയുള്ള ചോദ്യങ്ങളുമില്ല. നീയതു മിസ്സാക്കി എന്നു മാത്രമേയുള്ളു. അതിന് പിന്നാലെ വരുന്നത് വളരെ മോശമായ കാര്യങ്ങളാണ്. ഞങ്ങള്‍ വീഴാന്‍ പോകുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ ഞങ്ങളെ താങ്ങി നിര്‍ത്താനായിരിക്കണം നിങ്ങള്‍. ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എല്ലാ പ്ലെയേഴ്സും ഇവിടെ കളിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരുവിധം ഇന്ത്യയിലുള്ള എല്ലാവരും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അത് ഫാന്‍സിനെ കണ്ടിട്ടാണ്. ഫാന്‍സ് ഇങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നതെങ്കില്‍ പിന്നീടുണ്ടാകുന്ന അവസ്ഥ അറിയില്ലെന്നും താരം വ്യക്തമാക്കുന്നു.
Post Your Comments