പട്ന: മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ബീഹാറിലെ മുന്‍ മന്ത്രി മഞ്ജു വര്‍മ്മ കോടതിയില്‍ കീഴടങ്ങി. ആഴ്ചകളോളം ഒളിവില്‍ കഴിഞ്ഞതിന് ശേഷം ഇന്ന് രാവിലെയാണ് ഇവര്‍ ബെഗുസറായ് കോടതിയിലെത്തി കീഴടങ്ങിയത്. മഞ്ജു വര്‍മ്മയെ പിടികൂടാത്തതില്‍ സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുസാഫര്‍പുരിലെ അഭയകേന്ദ്രത്തിലെ 40 ഓളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് മഞ്ജു വര്‍മ്മയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
ഇവരുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മയ്ക്ക് മുഖ്യപ്രതി ബ്രജേഷ് താക്കൂറുമായി അടുത്ത ബന്ധമുണ്ടെന്നും ചന്ദ്രശേഖര്‍ വര്‍മ്മ നിരന്തരം അഭയകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നതും മഞ്ജു വര്‍മ്മയെ പ്രതിക്കൂട്ടിലാക്കി. പ്രതിഷേധം ശക്തമായതോടെ മഞ്ജു വര്‍മ്മയ്ക്ക് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നു. മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തുകയും ചെയ്തതോടെയാണ് ഇവര്‍ക്കെതിരെ കേസുമെടുത്തു.
ഇതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും മഞ്ജു വര്‍മ്മയെ പിടികൂടാന്‍ സാധിക്കാത്തത് സുപ്രീംകോടതി പ്രകോപിപ്പിച്ചു. സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഇതിനു പിന്നാലെയാണ് മുന്‍ സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രിയായിരുന്ന മഞ്ജു വര്‍മ്മയുടെ കീഴടങ്ങല്‍.
Post Your Comments