രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തുവര്‍ഷമാകുമ്പോള്‍ കേന്ദ്ര സംസ്ഥാന സുരക്ഷാ ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തിലാണ് മുംബൈ സമുദ്രതീരം. ആക്രമണത്തിന്റെ പത്താംവര്‍ഷം പിന്നിടുമ്പോഴും തീരമേഖലയിലെ സുരക്ഷാക്രമീകരണങ്ങളില്‍ അണുവിട പോലും വീഴ്ച്ച വരാതെ നോക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.
2008 നവംബറില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ പത്ത് ഭീകരരാണ് മുംബൈയില്‍ ആക്രമണം അഴിച്ചുവിട്ടത്. സമുദ്രമേഖലവഴിയുള്ള ഇവരുടെ വരവിനെക്കുറിച്ച് അന്ന് ഇന്ത്യന്‍ നാവിക സേനയക്കോ തീരദേശസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. അന്ന് പറ്റിയ വീഴ്ച്ച ഇനിയൊരിക്കലും ഉണ്ടാകരുതെന്ന മുന്‍കരുതലോടെയാണ് പിന്നീട് മുംബൈയിലെ തീരപ്രദേശത്തെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി മുംബൈ പൊലീസ് ഒരു സമര്‍പ്പിത മറൈന്‍ പോലിസിങ്ങ് യൂണിറ്റ് സ്ഥാപിച്ചു, ഇതിന്റെ അധികാരപരിധിയില്‍ ആദ്യമായി ജലമാര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ യൂണിറ്റിന് ശക്തി പകരാനായി കടല്‍ പട്രോളിങ്ങിനായി സ്പീഡ് ബോട്ടും മറ്റും വാങ്ങി. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ഏകോപിപ്പിക്കുന്നതിനായി ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരസംരക്ഷണം ഉറപ്പാക്കാന്‍ മുംബൈ പൊലീസ് തീര സംരക്ഷണസേനയുടെയും നാവിക സേനയുടെയും സഹായത്തോടെ സാഗര്‍ കവാത്ത് ഓപ്പറേഷന്‍ എന്ന പേരില്‍ സുരക്ഷാപരിശോധനയും നടത്തിവരുന്നുണ്ട്.
മുംബൈ നഗരത്തിന്റെ 149 കിലോമീറ്റര്‍ വരുന്ന തീരദേശമേഖലകളിലായി അഞ്ച് പൊലീസ് സ്്റ്റേഷനുകള്‍ കൂടി അനുവദിക്കണമെന്നും സിറ്റി പൊലീസ് അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സ്റ്റേഷനുകള്‍ പൂര്‍ണമായും തീരസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രമാകണമെന്നാണ് സിറ്റി പൊലീസ് ആവശ്യപ്പെടുന്നത്.
Post Your Comments