മറ്റ് രാജ്യങ്ങളില്‍ നിന്നുപോലും ചികിത്സ തേടിവരാന്‍ പ്രാപ്തമായ ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം താങ്ങാനാകാത്ത മെഡിക്കല്‍ ബില്ലുകള്‍ ഓരോ വര്‍ഷവും ആറ് കോടിയോളം ജനങ്ങളെ തീര്‍ത്തും ദരിദ്രരാക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഈടാക്കുന്ന അമിത ചികിത്സാ ഫീസാണ് സാധാരണ ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച ആരോഗ്യ സമ്മേളനത്തില്‍ ‘ആയുഷ്മാന്‍ ഭാരതിന്റെ സിഇഒ ഇന്ദു ഭൂഷണ്‍ പങ്കു വച്ച ചില കണക്കുകള്‍ ആരോഗ്യ ചെലവുകള്‍ ഒരു ശരാശരി ഇന്ത്യക്കാരനെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്.മണിക്കൂറില്‍ ഏഴായിരം ആളുകള്‍ വീതം ഒരു വര്‍ഷം ആറ് കോടി ജനങ്ങളാണ് ആരോഗ്യചെലവുകള്‍ താങ്ങാനാകാതെ ദാരിദ്ര്യത്തിലേക്ക് വീഴുന്നതെന്നാണ് ഇന്ദു ഭൂഷണ്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
ഡോക്ടര്‍ രോഗി അനുപാതവും രോഗികളും കിടക്കയും തമ്മിലുള്ള അനുപാതവും ഉള്‍പ്പെടെ ഒട്ടേറെ പ്രശ്നങ്ങളാണ് ആരോഗ്യമേഖല നേരിടുന്നത്. ആരോഗ്യമേഖലയില്‍ 70 ശതമാനവും കയ്യടക്കിയിരിക്കുന്നത് സ്വകാര്യ ആശുപത്രികളാണ്. 30 ശതമാനം മാത്രമാണ് പൊതു ആരോഗ്യചികിത്സാ കേന്ദ്രങ്ങള്‍. മാത്രമല്ല ആഗോളതലത്തില്‍ മരുന്നുകളുടെ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉള്‍പ്പെടുന്നുണ്ട്.
ഏറ്റവും വിരോധാഭാസമായ കാര്യം നല്ല ചികിത്സയും മരുന്നും ലഭിക്കാതെ ജനങ്ങള്‍ വലയുന്ന ഒരു രാജ്യം മെഡിക്കല്‍ ടൂറിസം രംഗത്ത് വളരുന്നു എന്നതാണ്. മികച്ച ചികിത്സ തേടി വിദേശരാജ്യങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ ഇന്ത്യയിലെത്തുന്നുണ്ട്. ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കി ആരോഗ്യം ഉറപ്പാക്കുന്നത് വഴി അവരെ ആെരോഗ്യമുള്ള ജനതയാക്കുക എന്നതാണ് സര്‍ക്കാര്‍ നേരിയുന്ന വെല്ലുവിളി. കോടിക്കണക്കിന് വരുന്ന ജനങ്ങളുടൈ ആരോഗ്യപരിപാലനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്ന ആരോഗ്യപദ്ധതി ഈ അവസ്ഥക്ക് മാറ്റം വരുത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
Post Your Comments