KeralaLatest News

മുഖ്യമന്ത്രിയെ ബഹിഷ്ക്കരിച്ച് വി.മുരളീധരന്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കും

തിരുവനന്തപുരം•ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി രാജ്യസഭാ എം.പി വി.മുരളീധരന്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി ബഹിഷ്കരിക്കുന്നു. നാളെ നടക്കാനിരിക്കുന്ന കേരള പത്ര പ്രവര്‍ത്തകയൂണിയന്‍ 55-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് വി.മുരളീധരന്‍ വിട്ടുനില്‍ക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പത്രപ്രവര്‍ത്തക യൂണിയന് വി.മുരളീധരന്‍ കത്തയച്ചു.

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മുരളീധരന്‍ എം.പി. ശബരിമലയുടെ നിയന്ത്രണം ദേവസ്വംബോര്‍ഡില്‍ നിന്നും പോലീസ് ബലമായി ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും ശബരിമലയിലും പരിസരപ്രദേശങ്ങളിലും അക്ഷരാര്‍ഥത്തില്‍ പോലീസ് രാജാണ് നടപ്പിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ ബഹുമാനിക്കുന്ന ബഹുജനനേതാക്കളായ ശശികല റ്റീച്ചറും കെ.സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ ഈ പോലീസ് രാജിന് ഇരയായവരാണ്.

ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ചുമതലയുള്ള സംസ്ഥാനമുഖ്യമന്ത്രി തന്നെയാണ് ദൗര്‍ഭാഗ്യവശാല്‍ ഈ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അത്തരത്തലുള്ള ഒരു വ്യക്തി ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ വേദി പങ്കിടാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ല. അതിനാല്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തന്റെ ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കാന്‍ തനിക്ക് സാദ്ധ്യമല്ലാതെ വന്നിരിക്കുന്നുവെന്നും മുരളീധരന്‍ കത്തില്‍ വ്യക്തമാക്കി.

മുരളീധരന്റെ കത്തിന്റെ പൂര്‍ണരൂപം

കേരള പത്ര പ്രവര്‍ത്തകയൂണിയന്‍ 55-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാന്‍ ക്ഷണിച്ചതില്‍ നന്ദി അറിയിക്കുന്നു . സമ്മേളനത്തില്‍ സംബന്ധിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു . ആ ഉറപ്പ് പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഞാന്‍ ഇതു എഴുതുന്നത് .

ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണ്. പ്രതികൂല സാഹചര്യങ്ങള്‍ പോലും നേരിട്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തെ അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നു . മാധ്യമ ഉടമസ്ഥരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാത്തതിന്റെ പേരിലുള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വഹിച്ച പങ്ക് ശ്ലാഘനീയമാണ്.

ജനാധിപത്യ സംവിധാനത്തില്‍ മാധ്യമസ്വാതന്ത്ര്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മതസ്വാതന്ത്ര്യവും. മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ആരാധന സ്വാതന്ത്ര്യവും. ഇവ ഉറപ്പ് വരുത്തുന്നതിനുള്ള ചുമതലയാണ് ഭരണകൂടത്തിന്റേത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല.

ശബരിമലയുടെ നിയന്ത്രണം ദേവസ്വംബോര്‍ഡില്‍ നിന്നും പോലീസ് ബലമായി ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് . ശബരിമലയിലും പരിസരപ്രദേശങ്ങളിലും അക്ഷരാര്‍ഥത്തില്‍ പോലീസ്‌രാജ് നടപ്പിലാക്കിയിരിക്കുകയാണ്. ആചാരനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് വൃതശുദ്ധിയോടെ ശബരിമലയിലേയ്ക്ക് പോകുന്ന തീര്‍ത്ഥാടകരെ അകാരണമായി അറസ്റ്റ് ചെയ്ത നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ളത്. കേരളത്തിലെ ജനങ്ങള്‍ ബഹുമാനിക്കുന്ന ബഹുജനനേതാക്കളായ ശശികല റ്റീച്ചറും കെ.സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ ഈ പോലീസ് രാജിന് ഇരയായവരാണ്.

ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ചുമതലയുള്ള സംസ്ഥാനമുഖ്യമന്ത്രി തന്നെയാണ് ദൗര്‍ഭാഗ്യവശാല്‍ ഈ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അത്തരത്തലുള്ള ഒരു വ്യക്തി ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ വേദി പങ്കിടാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല എന്ന് വിനയപൂര്‍വ്വം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു .
അതിനാല്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തന്റെ ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കാന്‍ എനിക്ക് സാദ്ധ്യമല്ലാതെ വന്നിരിക്കുന്നു .

എന്റെ മനസാക്ഷിയോട് നീതിപുലര്‍ത്താന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
കേരള പത്രപ്രവര്‍ത്തക യൂണിയനും സമ്മേളന പ്രതിനിധികള്‍ക്കും ആശംസകൾ നേരുന്നു .

സ്നേഹാദരങ്ങളോടെ
വി.മുരളീധരൻ എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button