എല്ലാ ദിവസവും അത്താഴ പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതിന് മുമ്പ് ഉടുക്കു കൊട്ടി പാടുന്ന ഹരി വരാസനം ഭഗവാന്റെ ഉറക്ക് പാട്ടാണ്. ഹരി വരാസനം പാടിത്തീരുമ്പോഴേക്കും പരി കര്‍മ്മികള്‍ നട ഇറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നില വിളക്കും അണച്ച് മേല്‍ ശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപ ഭാവങ്ങളെ വര്‍ണ്ണിക്കയും പ്രകീര്‍ത്തിക്കയും ചെയ്യുന്ന ഹരി വരാസനത്തില്‍ ആദിതാളത്തില്‍ മധ്യമാവതിരാഗത്തില്‍ ചിട്ടപ്പെടുത്തപ്പെട്ട എട്ട് പാദങ്ങളാണ് ഉള്ളത്. പരക്കെയുള്ള വിശ്വാസം കമ്പക്കുടി കുളത്തൂര്‍ സുന്ദരേശ അയ്യരാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ്. മണികണ്ഠനെന്ന അയ്യപ്പന്, കമ്പക്കുടി കുടുംബത്തോട് കടപ്പെട്ടിരിക്കുന്നതായി ഐതീഹ്യമുണ്ട്. തമിഴ് നാട്ടിലെ തേനി ജില്ലയിലാണ് കമ്പക്കുടി. പന്തളത്ത് നിന്നും പുലി പാലിന് പോയ അയ്യപ്പന് വിശന്നു വലഞ്ഞ് കാട്ടിനുള്ളില്‍ കണ്ട ഒരു ചെറു കുടിലില്‍ കയറി ചെന്നു. അവിടെ ഉണ്ടായിരുന്ന വയസ്സായ പാട്ടി കമ്പ് എന്ന ധാന്യം അരച്ച് കഞ്ഞി കുടിക്കാന്‍ കൊടുത്തു. വിശന്നു വന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നല്കിയ കുടുംബം മേലില്‍ കമ്പക്കുടി എന്നറിയപ്പെടുമെന്ന് സ്വാമി അരുള്‍ ചെയ്തുവത്രേ. വിമോചനാനന്ദ സ്വാമികളായി മാറിയ കൃഷ്ണന് നായര്‍ അയ്യപ്പ ധര്‍മ്മം പ്രചരിപ്പിക്കാന്‍ ദക്ഷിണേന്ത്യ മുഴുവന്‍ സഞ്ചരിച്ചു. കേരളം മറന്നു പോയ അദ്ദേഹത്തെ തെലുങ്ക് നാടുകളിലേയും, തമിഴ് നാടിലേയും വിദൂര ഗ്രാമങ്ങളില്‍ ഫോട്ടോ വച്ച് പൂജിക്കുന്നുണ്ട്. ഹരിവരാസന കീര്‍ത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു. വിമോചനാനന്ദ 1955ല്‍ ശബരിമലയില്‍ ഈ കീര്‍ത്തനം ആലപിച്ചതിന് ശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുന്നത്. വിമോചനാനന്ദയുടെ പരിശ്രമ ഫലമായി ഹരിവരാസന കീര്‍ത്തനം അയ്യപ്പന്റെ ഉറക്ക് പാട്ടായി അംഗീകരിക്കപ്പെട്ടു.
അതേ സമയം ആലപ്പുഴ പുറക്കാട്ട് കോന്നക്കകത്ത് ജാനകിയമ്മയാണ് 1923ല്‍ ഹരിവരാസന കീര്‍ത്തനം രചിച്ചത് എന്ന അവകാശ വാദവുമായി 2007ല്‍ അവരുടെ ചെറു മകന് എത്തുകയുണ്ടായി. 1930 മുതല്‍ തന്നെ ഭജന സംഘക്കാര്‍ ഈ പാട്ട് പാടി മലകയറിയിരുന്നെന്നും അവകാശപ്പെടുന്നു. വിമോചാനന്ദയാണ് ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിന് ഇത് വിരുദ്ധമാണ്. 1940കളില്‍ ശബരിമല വലിയ കാടായിരുന്നു, ഭക്തര്‍ തീരെ കുറവും. ആലപ്പുഴക്കാരനായ വീ ആര് ഗോപാല മേനോന് എന്നൊരു ഭക്തന് ശബരിമലയില്‍ ചെറിയൊരു കുടില്‍ കെട്ടി താമസിച്ചിരുന്നു. അന്ന് ശബരിമല മേല്‍ ശാന്തിയായിരുന്ന ഈശ്വരന് നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോന് ആയിരുന്നു. മേനോന് ദിവസവും ദീപാരാധനയ്ക്ക് ഹരിവരാസനം പാടിയിരുന്നു. ദേവസ്വം ബോര്‍ഡ് ശബരിമല ഏറ്റെടുത്തപ്പോള്‍ മേനോനെ കുടിയിറക്കി. വണ്ടി പെരിയാറിലെ മൗണ്ട് എസ്റ്റേറ്റില്‍ അനാഥനായി മേനോന് മരണമടഞ്ഞു. സുഹൃത്തിന്റെ മരണവാര്‍ത്ത അറിഞ്ഞ മേല്‍ശാന്തി അന്ന് നടയടക്കും മുമ്പ് മേനോനെ അനുസ്മരിച്ച് ഹരിവരാസനം ആലാപിച്ചു. അങ്ങിനെ അതൊരു പതിവായി എന്നും കേള്‍ക്കുന്നുണ്ട്.
Post Your Comments