Latest NewsGulf

പ്രവാസികള്‍ക്ക് സ്ഥിരം താമസം; പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഖത്തര്‍

ദോഹ:പ്രവാസികള്‍ക്ക് സ്ഥിര താമസത്തിനുള്ള അനുമതി (പെര്‍മെനന്റ് റെഡിസന്‍സ് പെര്‍മിറ്റ്-പിആര്‍പി) നല്‍കുന്ന നിയമം മാസങ്ങള്‍ക്കുള്ളില്‍ ഖത്തറില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ദോഹ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ്(ഡിഐസിഐഡി) സംഘടിപ്പിച്ച ചര്‍ച്ചയിലാണ് പി.ആര്‍.പി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ സെപ്തംബറില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നിയമകാര്യവിഭാഗത്തിലെ ഗവേഷക റീമ സലീഹ് അല്‍ മന അറിയിച്ചു.

അറബിക് ഭാഷാ പ്രാവീണ്യം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ് സ്ഥിര താമസത്തിനുള്ള അനുമതി കൊടുക്കുന്നത്. എന്നാല്‍ ഇത് നിര്‍ബന്ധമില്ല. ഒരു വര്‍ഷം പരമാവധി 100 പേര്‍ക്കാണ് പി.ആര്‍.പി കൊടുക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശയുണ്ടെങ്കില്‍ അമീറിന്റെ പ്രത്യേക അനുമതിയോടെ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കാനും വ്യവസ്ഥ നിലവില്‍വരും. സ്ഥിരതാമസ അനുമതിക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാനും മറ്റ് നടപടികള്‍ക്കുമായി ആഭ്യന്തര മന്ത്രാലയം പ്രത്യേക കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ് 2ലും അറിയിപ്പുകള്‍ ലഭ്യമാകും. നല്ല പെരുമാറ്റവും സമൂഹത്തില്‍ ആദരവുമുള്ള വ്യക്തികളായിരിക്കണമെന്നതാണ് സഥിരതാമസത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രധാന നിബന്ധന. നേരത്തെ കേസുകളോ മറ്റ് നിയമലംഘനങ്ങളുടെ പേരില്‍ നടപടികള്‍ നേരിട്ടവരോ ആയിരിക്കരുത്. വിദേശത്ത് ജനിച്ചവര്‍ സാധാരണ റെഡിഡന്‍സി പെര്‍മിറ്റോടെ 20 വര്‍ഷം ഖത്തറില്‍ താമസിച്ചിരിക്കണം. എന്നാല്‍ ഖത്തറില്‍ ജനിച്ച വിദേശികള്‍ രാജ്യത്ത് 10 വര്‍ഷം താമസിച്ചാല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button