കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ മരണം 71 കടന്നു. ആയിരത്തോളം ആളുകളെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു. ദുരന്തത്തില്‍ അഭയാര്‍ഥികളായവരെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തില്‍ പാരഡൈസ് നഗരത്തില്‍ അവശേഷിച്ചത് കരിയും ചാരവും മാത്രമാണ്. വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.
തീപിടിത്തത്തെ തുടര്‍ന്ന് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ തകര്‍ന്ന നിലയിലാണുള്ളത്. മൊബൈല്‍ നെറ്റ്വർക്ക് കവറേജ് കുറഞ്ഞ സാഹചര്യത്തില്‍ ദുരിത ബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
Post Your Comments