News

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനായില്ല

പ്രതിഷേധം വ്യാപകം : ഇവരെ കൊണ്ടുപോകാന്‍ വാഹനങ്ങളും തയ്യാറാകുന്നില്ല

നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം വ്യാപകം. കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ഒന്നര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ എത്തിയിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button