Latest NewsKeralaIndia

ശിവദാസൻ ആചാരിയുടെ മരണത്തിൽ പോലീസിനെതിരെ ആരോപണം ഉന്നയിച്ച് കുടുംബം ;അയ്യപ്പഭക്തന്റെ മരണം വിവാദത്തിലേക്ക്

പോലീസിന്റെ സ്ഥിരം നോട്ടപ്പുള്ളി ആയിരുന്നതായും സംഭവത്തിൽ പോലീസിനെ സംശയിക്കുന്നതായും അദ്ദേഹത്തിന്റെ ഭാര്യ ലളിതയും മകൻ ശരത്തും ആരോപിക്കുന്നു.

പത്തനംതിട്ട: തുലാമാസപൂജയ്ക്ക് ശബരിമല ദര്‍ശനത്തിന് പോയി കാണാതായ ശേഷം ശവശരീരം കണ്ടെത്തിയ അയ്യപ്പ ഭക്തന്റെ കുടുംബം പോലീസിനെതിരെ ആരോപണവുമായി രംഗത്ത്. പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍ ആചാരി(60) പോലീസിന്റെ സ്ഥിരം നോട്ടപ്പുള്ളി ആയിരുന്നതായും സംഭവത്തിൽ പോലീസിനെ സംശയിക്കുന്നതായും അദ്ദേഹത്തിന്റെ ഭാര്യ ലളിതയും മകൻ ശരത്തും ആരോപിക്കുന്നു.

പന്തളത്ത് നാമജപഘോഷയാത്രയില്‍ പങ്കെടുത്ത ഭര്‍ത്താവിന്റെ ചിത്രം പൊലീസുകാര്‍ പകര്‍ത്തിയിരുന്നുവെന്നും ളാഹ കമ്പകത്തുംവളവിന് സമീപത്തെ കൊക്കയില്‍ നിന്ന് ശവശരീരം കിട്ടിയ സംഭവത്തിൽ സംശയമുള്ളതായും ലളിത പറഞ്ഞു. ശബരിമലയില്‍ സമാധാനം പുലരണമെന്നും ആചാരം സംരക്ഷിക്കണമെന്നും തന്റെ വാഹനത്തിന് മുന്നില്‍ എഴുതി തൂക്കിയാണ് ശിവദാസന്‍ നാമജപഘോഷയാത്രയില്‍ പങ്കെടുത്തത്.

അന്ന് പല തവണ പൊലീസുകാര്‍ ഇദ്ദേഹത്തിന്റെ ചിത്രം എടുത്തിരുന്നു. ഈ ചിത്രം ഉപയോഗിച്ച്‌ ശിവദാസനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കാമെന്നും വിശ്വകര്‍മസമുദായ കൂട്ടായ്മ നേതാക്കളായ വി രാജേന്ദ്രന്‍, എംആര്‍ മുരളി, സുമ സുകുമാരന്‍, എന്‍ അനുരാജ് എന്നിവര്‍ പറഞ്ഞു. നവംബര്‍ ഒന്നിനാണ് ളാഹ കമ്പകത്തുംവളവിന് സമീപത്തെ കൊക്കയില്‍ ശിവദാസന്റെ മൃതദേഹം കണ്ടത്. ഒരാഴ്ചയോളം പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു.

അദ്ദേഹം സഞ്ചരിച്ചിരുന്ന മോപ്പെഡ്് മറിഞ്ഞു കിടന്നിടത്തു നിന്ന് മാറിയാണ് മൃതദേഹം കണ്ടത്. ഷര്‍ട്ടും മുണ്ടും ഊരി മാറ്റി മടക്കി വച്ച നിലയിലായിരുന്നു. അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ഇത് സംശയത്തിന് ഇട നല്‍കുന്നു. തുടയെല്ല് പൊട്ടി രക്തം വാര്‍ന്ന് മരണം സംഭവിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, ആധികാരിക രേഖയായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതു വരെ കിട്ടിയിട്ടില്ല. ഇതിനായി പല തവണ പന്തളം പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി. റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നാണ് പറയുന്നത്.

കഴിഞ്ഞ മാസം 18 ന് ദര്‍ശനത്തിന് പോയ ശിവദാസന്‍ ഒടുവില്‍ കുടുംബത്തെ വിളിച്ചത് 19 ന് രാവിലെയാണ്. അതും മറ്റൊരാളുടെ ഫോണില്‍. പിന്നീട് ഇദ്ദേഹത്തെ കുറിച്ച്‌ അറിവൊന്നുമുണ്ടായില്ല. പമ്പ , നിലയ്ക്കല്‍, വടശേരിക്കര, പന്തളം, അടൂര്‍ എന്നീ സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ പൊലീസ് തയാറായില്ല. മൃതദേഹം കിട്ടിയതിന് ശേഷവും മരണകാരണം കണ്ടെത്തുന്നതില്‍ ഇതേ അനാസ്ഥ പൊലീസ് തുടരുകയാണ്. ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പൊലീസ് ശിവദാസന്‍ ആചാരിയെ മര്‍ദിച്ചു കൊല്ലുകയായിരുന്നുവെന്ന് സമുദായ നേതാക്കള്‍ ആരോപിച്ചു.പൊലീസിന് ഇക്കാര്യത്തില്‍ ബന്ധമില്ലെങ്കില്‍ ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കേണ്ട ചുമതലയും അവര്‍ക്ക് തന്നെയാണ്. അയല്‍വാസികളുമായി വഴിത്തര്‍ക്കം നിലവിലുണ്ടായിരുന്നു. ചിലര്‍ മാസങ്ങള്‍ക്ക് മുന്‍പ് ശിവദാസനെ മര്‍ദിക്കുകയും ചെയ്തിരുന്നു. എന്നാൽ അതും മരണവുമായി യാതൊരു ബന്ധവുമില്ലെന്നും ലളിത പറഞ്ഞു. കടയ്ക്കാടിന് സമീപം വാടകയ്ക്കാണ് കുടുംബം ഇപ്പോള്‍ കഴിയുന്നത്.

ശിവദാസന്റെ മരണവും വിവാദവും വന്നതോടെ വാടകവീട് ഒഴിഞ്ഞു കൊടുക്കാന്‍ ഉടമ ആവശ്യപ്പെട്ടു. ഇപ്പോള്‍ മാന്നാര്‍ കുരട്ടിക്കാട്ട് ഉള്ള ബന്ധുവീട്ടിലാണ് താമസിക്കുന്നതെന്നും ലളിത പറഞ്ഞു. കഴിഞ്ഞ മാസപൂജാ സമയത്ത് പമ്പ, നിലയ്ക്കല്‍, ശബരിമല തുടങ്ങിയ പ്രദേശങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. നിരവധി പേര്‍ക്ക് മര്‍ദനമേറ്റുവെന്നും നാമജപഘോഷയാത്രയില്‍ പങ്കെടുത്തവരെ ഫോട്ടോ ഉപയോഗിച്ച്‌ അറസ്റ്റ് ചെയ്തുവെന്നും വാര്‍ത്തയുണ്ടായിരുന്നു.

അപ്രകാരം തന്റെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തുവെന്നും തുടര്‍ന്ന് പൊലീസ് നടത്തിയ മര്‍ദനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നും ലളിത പറഞ്ഞു. പ്രക്ഷോഭം വിശ്വകര്‍മ സമുദായം ഏറ്റെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button