Latest News

മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു; നേരിൽ കാണാനും അനുവദിച്ചില്ല ; ഇനി പാർട്ടിയിൽ പരാതി നൽകില്ല; നേതാവിന്റെ പീഡനശ്രമത്തിന് ഇരയായ യുവതിയുടെ അമ്മ

തൃശൂര്‍: ഇനി പാർട്ടിയിൽ പരാതി നൽകില്ലെന്ന് കാട്ടൂരില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ പീഡനശ്രമത്തിന് ഇരയായ യുവതിയുടെ അമ്മ. ഒരിക്കല്‍ തന്റെ മകള്‍ക്ക് നീതി നിഷേധിച്ചു. അതിനാൽ ഇനി പാർട്ടിയിൽ പരാതി നൽകില്ല. നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പരാതി നല്‍കാനെത്തിയതായിരുന്നു അമ്മ. സംഭവത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്ന് തവണ ഇക്കാര്യത്തിനായി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു. ആദ്യവട്ടം പി.എ ഫോണ്‍ എടുത്ത് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിച്ചില്ല. പിന്നീട് രണ്ട് വട്ടം കൂടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

നേരില്‍ക്കണ്ട് പരാതി നല്‍കാന്‍ ഇക്കഴിഞ്ഞ എട്ടിന് മുഖ്യമന്ത്രി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ എല്‍.ഡി.എഫ് വിശദീകരണയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ താന്‍ വന്നെങ്കിലും കാണാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഡ്രൈവറുടെ പക്കല്‍ പരാതി നല്‍കി മടങ്ങിയെന്നും അവര്‍ പറഞ്ഞു. പ്രതിക്ക് അനുകൂലമായാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് സഹായം തേടി ഇനി പാര്‍ട്ടിയെ സമീപിക്കേണ്ട എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് സി.പി.എം അംഗം കൂടിയായ അമ്മ പറഞ്ഞു.

shortlink

Post Your Comments


Back to top button