Latest NewsArticle

മധ്യപ്രദേശും രാജസ്ഥാനും പോലെയല്ല മിസോറാം: പക്ഷേ ആര്‍ക്കുമില്ലാത്ത ജനകീയ ശക്തിയുണ്ടിവിടെ

പ്രത്യേക ലേഖകന്‍

വൈരുദ്ധ്യങ്ങളുടെ ഒരു രാജ്യമാണ് ഇന്ത്യയെങ്കില്‍ ആ രാജ്യത്ത് തീര്‍ത്തും ഒറ്റപ്പെട്ട ഒരു ചെറിയ വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. രാജസ്ഥാനിനും മധ്യപ്രദേശിനുമൊപ്പം മിസോറാമും തെരഞ്ഞെടുപ്പ് ചൂടിലാണ്. ഈ മാസം 28 ആം തീയതിയാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാം രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തിന് നിര്‍ണായകം അല്ലാത്തത് കൊണ്ടും വെറും 40 നിയമസഭാസീറ്റുകള്‍ മാത്രമാണ് ഇവിടെയുള്ളതെന്നതുകൊണ്ടും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് േേദശീയ ശ്രദ്ധയിലേക്ക് വരുന്നില്ല.


രാജസ്ഥാനിലെ 200 സീറ്റുകളിലും മധ്യപ്രദേശിലെ 231 സീറ്റുകളിലും വിജയം ഉറപ്പിക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. പക്ഷേ ഇതിനിടയില്‍ തെരഞ്ഞടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്കാണ് മിസോറാം തെരഞ്ഞെടുപ്പ് രംഗം സാക്ഷ്യം വഹിച്ചത്.

ആരും ശ്രദ്ധിക്കാതെ പോകുന്ന ചില പൗരാവകാശങ്ങളും സമരങ്ങളും മിസോറാമില്‍ നടക്കുന്നുണ്ട് ആഴ്ചകള്‍ക്കു മുമ്പാണ് കണക്കിന് ജനങ്ങള്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഓഫീസിനു മുന്നില്‍ എത്തിയത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എസ് ബി ശശാങ്കനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ പ്രതിഷേധം. ഐസ്വാളില്‍ ആളുകള്‍ ഒത്തു കൂടിയത് പോലെ തന്നെ സംസ്ഥാനത്തിന് വിവിധഭാഗങ്ങളിലും ഇതേ ആവശ്യമുന്നയിച്ചു കൊണ്ട് ആയിരക്കണക്കിനാളുകളാണ് പ്രതിഷേധപ്രകടനം നടത്തിയത്. തെരഞ്ഞെടുപ്പില്‍ അനധികൃത ഇടപെടല്‍ നടത്തി എന്ന് ആരോപിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശശാങ്ക് മാറ്റിയതാണ് മിസോറാം ജനതയെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എസ്. ശശാങ്കിനെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടേണ്ടി വന്നു. ഇതിന് ശേഷമാണ് ഈ ചെറിയ സംസ്ഥാനത്ത് ഒരാഴ്ച്ചയായി തുടര്‍ന്നുവന്ന പ്രതിഷേധത്തിന് ശമനമായത്. ശശാങ്കിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ലാല്‍ തന്‍വാല പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. പ്രതിഷേധം ഇനിയും തുടര്‍ന്നാല്‍ അത് തെരഞ്ഞടുപ്പിനെ തന്നെ ബാധിയ്ക്കും. ശശാങ്കിനെ മാറ്റാതെ തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന് സര്‍ക്കാര്‍ സംഘടനകളും ഉദ്യോഗസ്ഥരും വ്യക്തമാക്കിയതോടെ കേന്ദ്രവും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കാന്‍ തുടങ്ങി. പുതിയ ഇലക്ടറല്‍ ഓഫീസര്‍ സ്ഥാനത്തേക്ക് മിസോറാം സര്‍ക്കാര്‍ 3 ഐഎഎസ് ഓഫീസര്‍മാരുടെ പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.


ത്രിപുരയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ത്ഥികളെ പിന്തുണച്ചതാണ് ശശാങ്കിന് വെല്ലുവിളിയായത്. ബ്രൂ അഭയാര്‍ത്ഥികളുടെ വോട്ടവകാശത്തെ എതിര്‍ത്തതിനാണ് ആഭ്യന്തരപ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കിയത്. ശശാങ്കിന്റെ നടപടിക്കെതിരെ വന്‍ജനകീയ പ്രതിഷേധമുയര്‍ന്നതോടെ ഈ ഉദ്യോഗസ്ഥന് മിസോറാമില്‍ സ്ഥാനമില്ലാതാകുകയായിരുന്നു. ത്രിപുരയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 32000 ബ്രൂ അഭയാര്‍ത്ഥികള്‍ ഉണ്ട് രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മിസോറാം ഉപേക്ഷിച്ച് അഭയം തേടിയവരാണിവര്‍. 1997 മുതല്‍ തൃപുരയില്‍ അഭയം തേടിയവരാണിവര്‍. ബ്രൂ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് മിലിറ്റന്റ്‌സ് വനം സംരക്ഷകനായ ലാല്‍സാംലിയാനയെ വധിച്ചതിന് ശേഷം ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് മിസോറാം ഉപേക്ഷിക്കേണ്ടി വന്നത്.


ഇവരെ തിരികെ മിസോറാമില്‍ എത്തിക്കാന്‍ 2010 മുതല്‍ തന്നെ കാര്യക്ഷമമായ ആലോചനകള്‍ നടന്നിരുന്നു. അതേസമയം പുനരധിവാസ പാക്കേജുകളില്‍ ഉള്ള അസംതൃപ്തി കാരണമാണ് ഇത് വിജയകരമാക്കാന്‍ കഴിയാതെപോയത്. പരാജയപ്പെട്ട പല പുനരധിവാസശ്രമങ്ങള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു അന്തിമ പുനരധിവാസ പദ്ധതി മുന്നോട്ട് വച്ചു. ഇതും അംഗീകരിച്ചില്ലെങ്കില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിതരണം ചെയ്യുന്ന റേഷന്‍ നിര്‍ത്തലാക്കി ക്യാമ്പ് അടയ്ക്കുമെന്ന മുന്നറിയിപ്പും നല്‍കി. ഈ ജൂലൈ 3നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. 32800 ബ്രു അഭയാര്‍ത്ഥികളെ മിസോറാമിലേക്ക് തിരിച്ചയക്കാനുള്ള പദ്ധതിയായിരുന്നു ഇത്. എന്നാല്‍ ഒക്ടോബര്‍ ആയിട്ടും 30 കുടുംബങ്ങള്‍ മാത്രമേ ത്രിപുരയില്‍ നിന്നും മിസോറാമിലേക്ക് മടങ്ങിയുള്ളൂ.

ബ്രൂ അഭയാര്‍ത്ഥികള്‍ മിസ്സോറാമിലേയ്ക്ക് തിരികെ പോയില്ലെങ്കില്‍ നിലവിലെ ക്യാംപുകളെല്ലാം ബലമായി അടപ്പിക്കുമെന്നും ഒക്ടോബര്‍ ഒന്നുമുതല്‍ റേഷന്‍ നിര്‍ത്തലാക്കുമെന്നെും പറഞ്ഞിരുന്നു. മിസോറാമില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം നയം മാറ്റുകയും റേഷന്‍വിതരണം പുനരാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട് രാഷ്ട്രീയ താല്‍പ്പര്യമാണ് ഇതിനു പിന്നിലെന്നാണ് അഭയാര്‍ത്ഥികളും സംശയിക്കുന്നത് . മിസോറാമില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ട് ചെയ്യണമെന്നാണ് ബ്രൂ വിഭാഗത്തിന്റെ ആഗ്രഹം. എന്നാല്‍ യാത്ര ചെയ്യാനുള്ള അസൗകര്യവും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇവര്‍ മിസോറാമിലേക്ക് പോകാന്‍ മടിക്കുകയാണ്. എന്നാല്‍ ബ്രൂ വിഭാഗക്കാരായ അഭയാര്‍ത്ഥികളെ ത്രിപുരയിലെ ക്യാന്പുകളില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് മിസോറാമിലെ സംഘടനകള്‍.

എന്തായാലും മധ്യപ്രദേശിന്റെയും രാജസ്ഥാന്റെയും തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കൊപ്പം മിസോറാമിലെ രാഷ്ട്രീയസംഭവവികാസങ്ങളും ജനകീയ പ്രതിഷേധവും ബ്രൂ അഭയാര്‍ത്ഥികളുടെ ഗതികേടും കൂടി വായിക്കപ്പെടണം. പത്തുവര്‍ഷമായി കോണ്‍ഗ്രസാണ് മിസോറം ഭരിക്കുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് ആണ് പ്രധാന പ്രതിപക്ഷം ഇതിനുപുറമേ ചെറിയ രാഷ്ട്രീയപാര്‍ട്ടികളും സംസ്ഥാനത്ത് സജീവമാണ് അതേസമയം ക്രൈസ്തവ ഭൂരിപക്ഷമുള്ള മിസോറാം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിജെപിയും മിസോ നാഷണല്‍ ഫ്രണ്ട് നോര്‍ത്തീസ്റ്റ് മേഖലയിലെ ബിജെപി സഖ്യകക്ഷിയായിരുന്നെങ്കിലും നിലവില്‍ ബിജെപിയുമായി സഖ്യമില്ല. വലിയ ജനശ്രദ്ധയില്ലാതെ കടന്നുപോകുമായിരുന്ന മിസോറാം തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിന്റെ പേരിലാണ് ഇക്കുറി ശ്രദ്ധിക്കപ്പെട്ടത്. എന്തായാലും വലിയ അംഗമബലമുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പം മിസോറാമിലെ രാഷ്ട്രീയക്കാറ്റ് ഏത് വഴിക്കാണെന്ന് ഈ മാസം 28 ന് ജനം വിധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button