കശ്മീര്‍ നിയന്ത്രണ രേഖയ്ക്കടുത്ത് പാക്ക് സൈന്യത്തിന്റെ വെടി വെയ്പ്പില്‍ വീരമൃത്യൂ വരിച്ച മലയാളി ജവാന്‍ ലാന്‍സ് നായിക് കെ എം ആന്റണി സെബാസ്റ്റ്യന്റെ ഭൗതിക ദേഹം കൊച്ചിയില്‍ എത്തിച്ചു. കേണല്‍ കെ കെ കിരണ്‍, എംഎല്‍ല്‍ എ അന്‍വര്‍ സദത്ത് , ജില്ല കളക്ടര്‍ മുഹദ് വൈ സഫറുള്ള തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ ഭൗതിക ദേഹം സ്വീകരിച്ചു.പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ നിയന്ത്രണ രേഖയ്ക്കടുത്തുള്ള കൃഷ്ണ ഘട്ടി സെക്ടറില്‍ പാകിസ്ഥാന്‍ ഭാഗത്തു നിന്നുള്ള ഏകപക്ഷീയമായ വെടിവയ്പ്പില്‍ ആണ് ആന്റണി സെബാസ്റ്റ്യന്‍ വീരമൃത്യു വരിച്ചത്
എറണാകുളം ഉദയംപേരൂര്‍ മണക്കുന്നം സ്വദേശിയാണ് വീരമൃത്യുവടഞ്ഞ ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്‍. 2002 ഒക്ടോബറില്‍ 18ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന ആന്റണി സെബാസ്റ്റ്യന്‍ 16 വര്‍ഷത്തെ രാജ്യസേവനം അവസാനിപ്പിച്ച് അടുത്ത മാര്‍ച്ചില്‍ മടങ്ങാനിരിക്കവെയാണ് വീര മൃത്യു വരിച്ചത്. സൈനിക ഉദ്യോഗസ്ഥരും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ആദാരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ ഉദയംപേരൂരിലെ വീട്ടിലെത്തി.
കഴിഞ്ഞ വര്‍ഷം സേവനം 16 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ 34 കാരനായ ആന്റണി മടങ്ങാനിരുന്നതാണ്. എന്നാല്‍ സാധിച്ചില്ല. കഴിഞഞ മാസം രണ്ടിന് അവസാനമായി നാട്ടില്‍ വന്നുപോകുമ്പോഴും ആന്റണി പറഞ്ഞത് ഇതാണെന്ന് അമ്മ ഷീല പറഞ്ഞു. സേവനം മതിയാക്കി മാര്‍ച്ചില്‍ നാട്ടിലേക്ക് വരും. ‘സേവനം 15 വര്‍ഷം പൂര്‍ത്തിയായ 2017ല്‍ അവന്‍ നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. എന്നാല്‍ അതു സാധ്യമായില്ല. അതു നടന്നിരുന്നുവെങ്കില്‍ ഇന്ന് ഈ വീട്ടില്‍ ജീവനോടെ അവനുണ്ടാകുമായിരുന്നു സഹോദരന്റെ ആകസ്മികദുരന്തമറിഞ്ഞ് വീട്ടിലെത്തിയ ചേച്ചി നിവ്യയും പറഞ്ഞു.
ധീര ജവാന്‍ ആന്റണി സെബാസ്റ്റ്യന്‍ വീരമൃത്യു വരിച്ചു… എന്ന വാര്‍ത്തയായിരുന്നു ആ സന്ദേശത്തിന് പിന്നാലെ ഉദയംപേരൂരിലെ ജനങ്ങളെ തേടി എത്തിയത്. വീട്ടുകാരെ എങ്ങനെ വിവരം അറിയിക്കുമെന്ന ആശങ്കയോടെ അറിഞ്ഞവരാരും വീട്ടിലേക്ക് കയറാന്‍ ധൈര്യപ്പെട്ടില്ല. പ്രാര്‍ത്ഥനാഗ്രൂപ്പിലെ ചിലരാണ് ആദ്യം വീട്ടിലെത്തി കാര്യം ധരിപ്പിച്ച് ആശ്വസിപ്പിച്ചത്. ഇതുള്‍ക്കൊള്ളാനാവാതെ ഭാര്യ ഡയാന പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഏഴുവയസുകാരനായ മകന്‍ അയ്ഡന്‍ അമ്മയോടു ചേര്‍ന്നു നില്‍ക്കുന്നുമുണ്ടായിരുന്നു.
നവംബര്‍ പന്ത്രണ്ട് വൈകിട്ട് അഞ്ചേകാലോടെയാണ് പാകിസ്ഥാന്‍ ഭാഗത്തു നിന്ന് വെടിവയ്പ്പുണ്ടായത്. വെടിയേറ്റ ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യനെ ഉടനേ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. അതീവ ധൈര്യശാലിയും ആത്മാര്‍ത്ഥതയുമുള്ള സൈനികനായിരുന്നു ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്‍ എന്ന് കരസേനയുടെ പത്രക്കുറിപ്പില്‍ പറഞ്ഞു. രാജ്യം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിയ്ക്കുമെന്നും അദ്ദേഹത്തിന്റെ പരമമായ ത്യാഗം വെറുതേയാകില്ല എന്നും സേനാംഗങ്ങള്‍ അറിയിച്ചു. പരിക്കേറ്റ മറ്റൊരു ജവാന്‍ ഹവീല്‍ദാര്‍ മാരിമുത്തു ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.
Post Your Comments