തൃപ്പൂണിത്തുറ: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈനികരുടെ വെടിവയ്പില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് ആയിരങ്ങളുടെ അന്ത്യഞ്ജലി. കാശ്മീര്‍ അതിര്‍ത്തിയില്‍ വീരമൃത്യുവരിച്ച ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ (34) മൃതദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സൈനിക അകമ്പടിയോടെ ഉദയംപേരൂര്‍ മണകുന്നം സ്റ്റെല്ലാ മേരീസ് കോണ്‍വെന്റിന് സമീപമുള്ള കറുകയില്‍ വീട്ടില്‍ എത്തിച്ച മൃതദേഹം തൊട്ടടുത്ത ബന്ധുവീട്ടിലാണ് പൊതുദര്‍ശനത്തിന് വച്ചത്. പൂര്‍ണ സൈനിക ബഹുമതികളോടെ ഇരിങ്ങാലക്കുട മുരിയാട്് സിയോണ്‍ എംപറര്‍ ഇമ്മാനുവേല്‍ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌ക്കാരം.
തൃപ്പൂണിത്തുറ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂള്‍, കോടംകുളങ്ങര സെന്റ് ജോസഫ് സ്‌കൂള്‍, ഇരുമ്ബനം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആന്റണി സെബാസ്റ്റ്യന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ കോളേജില്‍ പഠിച്ച് പ്ലസ് ടു പാസായി. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുമ്‌ബോഴാണ് സൈന്യത്തില്‍ ചേര്‍ന്നത്. രാജസ്ഥാനിലായിരുന്നു തുടക്കം. മൂന്ന് വര്‍ഷം മുന്‍പ് കാശ്മീര്‍ അതിര്‍ത്തിയില്‍ ജോലി നോക്കിയിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ച ശേഷം തിരികെ കാശ്മീര്‍ അതിര്‍ത്തിയിലേക്ക് നിയമനം ലഭിച്ചിട്ട് ഒരു വര്‍ഷമാകുന്നേയുള്ളു. 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയെങ്കിലും രണ്ടുവര്‍ഷം കൂടി തുടരുകയായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചതിനാല്‍ സൈനികജീവിതത്തിനിടയില്‍ കിട്ടുന്ന ഇടവേളകളില്‍ ക്യാമ്ബുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതില്‍ തത്പരനായിരുന്നു ആന്റണിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
വരുന്ന മാര്‍ച്ച് 31ന് സര്‍വീസ് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആന്റണി രാജ്യത്തിനായി വീരമൃത്യുവരിച്ചത്.ഒ ക്ടോബര്‍ മൂന്നിന് നാട്ടില്‍ വന്ന് തിരിച്ചുപോയ ആന്റണി ഡിസംബറില്‍ കാശ്മീരില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറാനിരിക്കുകയായിരുന്നു. രണ്ടു മൂന്ന് ദിവസം മുമ്പ് താമസിച്ചിരുന്ന സ്ഥലത്തിന്റെ സമീപമുള്ള മരങ്ങളില്‍ പാക് സൈന്യത്തിന്റെ ഷെല്ലുകള്‍ പതിച്ചിരുന്നതായി ആന്റണി വീട്ടുകാരോട് പറഞ്ഞിരുന്നു.
സര്‍വീസില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തിയ ശേഷം കാറ്ററിംഗ് ബിസിനസ് തുടങ്ങാനായിരുന്നു ആന്റണിയുടെ പദ്ധതി.
Post Your Comments