KeralaLatest News

പിണറായി മൃതപ്രായമായിരുന്ന ബി.ജെ.പി യെ ഓക്‌സിജന്‍ നല്‍കി ഉണര്‍ത്തി; മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍

കൊട്ടാരക്കര: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍ എം.എല്‍.എ. മൃതപ്രായമായിരുന്ന ബി.ജെ.പി യെ ഓക്‌സിജന്‍ നല്‍കി ഉണര്‍ത്തി എന്നതാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. മണ്ഡല കാലത്ത് ശബരിമലയില്‍ ശാന്തിയും സമാധാനവും നിലനിറുത്താന്‍ മുഖ്യമന്ത്രി പിടിവാശിയും ധാര്‍ഷ്ട്യവും ഉപേക്ഷിക്കണമെന്നും എല്ലാ ഭക്തരെയും ആര്‍.എസ്.എസ് കാരായി കാണരുതെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമല ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസുകാരുടെ പ്രായം പരിശോധിച്ചത് ആര്‍.എസ്.എസ് കാരാണെന്ന തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ ഭരണപരമായ വിഴ്ചയാണ് കാണിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. യോഗം വിളിക്കേണ്ടെന്ന് പറയാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് അധികാരമില്ല. ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കുമെന്നു പറയുന്ന മുഖ്യമന്ത്രി പ്രതിവര്‍ഷം ഇവിടെ എത്തുന്ന മൂന്നരക്കോടി ജനങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്ന് വ്യക്തമാക്കണം. ‘വിശ്വാസം രക്ഷിക്കാന്‍ വര്‍ഗീയതയെ തുരത്താന്‍’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ രണ്ടാംദിവസമായ ഇന്നലെ വയയ്ക്കലില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button