നെയ്യാറ്റിൻകര : ഡിവൈഎസ്പി തള്ളിയിട്ടതിനെത്തുടർന്ന് കാറിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ഉർജിതമാക്കി പോലീസ്. കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിന് ഒളിത്താവളം ഒരുക്കാന്‍ കൂടുതല്‍ പേരുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾ സഞ്ചരിക്കുന്നതിനൊപ്പം സഹായത്തിനായി നാലു പേർ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ട സനലിന്റെ ഭാര്യയും കുടുംബാംഗങ്ങളും സനലിന് അപകടം നടന്ന സ്ഥലത്ത് ഇന്നുമുതൽ സമരമിരിക്കും. കേസന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിന്റെ സഹോദരനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇയാൾക്ക് നോട്ടിസ് അയച്ചു. ഹരികുമാറിന്റെ ഒളിത്താവളത്തെക്കുറിച്ച് ഇയാൾക്ക് അറിയാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
ഹരികുമാറിനായി തമിഴ്നാട്ടിലാണ് ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തുന്നത്. ഓരോ ദിവസവും ഹരികുമാർ നമ്പരുകൾ മാറുന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സഹായികളുടെ നമ്പർ അന്വേഷിക്കുകയാണ് പോലീസ്. പ്രതിയുടെ സുഹൃത്ത് ബിനുവിന്റെ മകനെ അറസ്റ്റ് ചെയ്തത് പ്രതികൾ കീഴടങ്ങാനായുള്ള ക്രൈംബ്രാഞ്ചിന്റെ തന്ത്രമാണ്.
Post Your Comments