കുട്ടികളെ ശിക്ഷിക്കാൻ പാടുണ്ടോ? ഉണ്ടെങ്കിൽ തന്നെ ഏതുതരം ശിക്ഷകളാണ് കൂടുതൽ ഫലപ്രദമായിട്ടുള്ളത്? കുട്ടികളെ നമ്മുടെ വരുതിയിൽ നിർത്തേണ്ടതുണ്ടോ? നമുക്കെല്ലാം ഇടക്കിടെ തികട്ടിവരുന്ന ചോദ്യങ്ങളാണിവ. ഓരോ തവണ കുട്ടികളെ ശിക്ഷിക്കുമ്പോഴും മിക്കവാറും എല്ലാ രക്ഷിതാക്കളും പശ്ചാത്താപ ഭാരംകൊണ്ട് ഉള്ളിൽ വിങ്ങിപ്പൊട്ടും. കുട്ടികളെ എങ്ങനെ ‘നേർവഴി’ക്ക് കൊണ്ടുവരും, എങ്ങനെ അവരെ നമ്മുടെ ‘വരുതി’യിൽ നിർത്തും എന്നതെല്ലാം പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി വന്നു രക്ഷിതാക്കളുടെ ഉറക്കം കെടുത്താറുണ്ട്.
പല യൂറോപ്യൻ രാജ്യങ്ങളിലും രക്ഷിതാക്കൾ കുട്ടികളെ അടിക്കുന്നത് കുറ്റകരമാണെങ്കിൽ ഇംഗ്ലണ്ടിൽ ഇതുവരെ അതു നിയമംമൂലം നിരോധിച്ചിട്ടില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ അച്ചടക്കവും നല്ല പെരുമാറ്റവും പഠിപ്പിക്കുന്നതിെൻറ ഭാഗമായി കാലിെൻറ പിറകിൽ വളരെ ചെറിയ രീതിയിൽ അടിക്കാം, ചെറിയ രീതിയിൽ വഴക്കുപറയാം എന്നൊക്കെ നിയമവിദഗ്ധർ പറയുന്നുണ്ട്. എന്നിരുന്നാലും, കുട്ടികൾ ഇത് സ്കൂളിലോ അല്ലെങ്കിൽ സോഷ്യൽ സർവിസിലോ പരാതിപ്പെട്ടാൽ രക്ഷിതാക്കൾക്ക് ശിക്ഷ കിട്ടാനുള്ള സാധ്യതയുമുണ്ട്. കുട്ടികളെ രക്ഷിതാക്കളിൽനിന്നും മാറ്റിപ്പാർപ്പിക്കുകയും ചെയ്യും.
കുട്ടികളെ ശാരീരികമായോ മാനസികമായോ മോശമായി ബാധിക്കുന്ന രീതിയിലുള്ള ശിക്ഷാവിധികൾ ഒഴിവാക്കണം എന്നതാണ് വിദഗ്ധർ പറയുന്നത്. പ്രബലർ അബലർക്കെതിരെ ഏതു രീതിയിലുള്ള ശക്തി പ്രയോഗിച്ചാലും അതിൽ അനീതിയുണ്ട്. കുട്ടികളെ ‘വരുതിയിൽ നിർത്തുക’ എന്നതും ഒഴിവാക്കേണ്ടതു തന്നെയാണ്.
Post Your Comments