തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി . ലോകത്തിലെ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പുതിയ പാഠ്യപദ്ധതികള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. അതിനുള്ള ശ്രമം കരിക്കുലം കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത പ്രവേശനോത്സത്തിന് മുമ്പായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 141 പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുമെന്നും ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. സംസ്ഥാനത്തെ പഠന പെഡഗോജി നവീകരിക്കുന്നതിന് സമഗ്ര പോര്‍ട്ടല്‍ രൂപീകരിച്ച് പാഠഭാഗങ്ങളെ ഡിജിറ്റലൈസ് ചെയ്ത് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയാണ്.
സംസ്ഥാനത്ത് 500 ഓളം സ്‌കൂളുകളാണ് ഭൗതിക നിലവാരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്. സംസ്ഥാനത്തെ 45000 ക്ലാസ്സുകള്‍ ഹൈടെക് ആയി കഴിഞ്ഞു. യു പി, എല്‍ പി സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന് ഈ വര്‍ഷം സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം അച്ചടിച്ച പാഠപുസ്തകങ്ങളോടൊപ്പം ഡിജിറ്റല്‍ രൂപത്തിലുള്ള പാഠപുസ്തകങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments