KeralaLatest News

കടലില്‍ റണ്‍വേ… തിരുവനന്തപുരം ദക്ഷിണേന്ത്യന്‍ വ്യോമയാന ഹബ്ബായി മാറും: വമ്പന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം•സ്ഥല പരിമിതി മൂലം വികസനം വഴിമുട്ടിയ തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിനായി കടലില്‍ റണ്‍വേ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ ദക്ഷിണേഷ്യൻ വ്യോമയാന ഹബ് ആക്കി മാറ്റാനുള്ള പദ്ധതിയും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ‘മലയാള മനോരമ ദിനപ്പത്രം’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യാപിറ്റൽ റീജൻ ഡവലപ്മെന്റ് പ്രോജക്ട്–രണ്ടിന്റെ (സിആർഡിപി–2) ഭാഗമായി തയാറാക്കിയ പ്രാഥമിക രൂപരേഖയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ തത്വത്തിൽ അംഗീകാരം നല്‍കി. പദ്ധതിയുടെ പ്രായോഗികത വിലയിരുത്തി റിപ്പോർട്ട് തയാറാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

TRV-GRAPHICS-1

കടലില്‍ നിര്‍മ്മിച്ച ജപ്പാനിലെ ഒസാക്ക നഗരത്തിലെ കൻസായി വിമാനത്താവളം, ഹോങ്കോങ് വിമാനത്താവളം എന്നിവയുടെ മാതൃകയിലാണ് മാതൃകയാണു തിരുവനന്തപുരത്തും നിർദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ അടുത്ത 100 വർഷത്തെ വികസനവും മുൻനിർത്തിയാണു പദ്ധതി. ഏകദേശം 10,000 കോടിരൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് കടല്‍ റണ്‍വേ പദ്ധതി. ശംഖുമുഖം തീരത്തിന് സമാന്തരമായാകും അഞ്ചര കിലോമീറ്റര്‍ നീളത്തില്‍ റണ്‍വേ നിര്‍മ്മിക്കുക. വിമാനങ്ങൾക്കുള്ള പാർക്കിങ് ബേ ഉൾപ്പെടെയുള്ളവ നിലവിലുള്ള വിമാനത്താവളത്തിൽ തന്നെയായിരിക്കും. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ റണ്‍വേയായി ഇതുമാറും.

Kansai
കടലില്‍ നിര്‍മ്മിച്ച ജപ്പാനിലെ കന്‍സായ് വിമാനത്താവളം

കടലിൽ റൺവേ നിർമിക്കുന്നതിനു പരിസ്ഥിതി അനുമതി കിട്ടുന്നതാണു വെല്ലുവിളി. തീരപ്രദേശത്തെ ജനങ്ങളെയും മൽസ്യത്തൊഴിലാളികളെയും പദ്ധതി ബാധിക്കില്ലെന്നും സിആർഡിപി–2 കൺവീനറും മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ടി. ബാലകൃഷ്ണൻ പറഞ്ഞു.

കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ എൻവയൺമെന്റൽ എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഐഎൽആൻഡ്എഫ്എസ് ടൗൺഷിപ്സ് ആൻഡ് അർബൻ അസെറ്റ്സ് ലിമിറ്റഡ്, അദാനി പോർട്സ് എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പഠനത്തിനു ശേഷമാണു രൂപരേഖ തയാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button