Specials

കുസൃതിക്കാരനായ കുട്ടി; ചാച്ചാജിയുടെ ജീവിതത്തിലെ നാൾവഴികൾ

വായില്‍ സ്വര്‍ണക്കരണ്ടിയുമായിട്ടായിരുന്നു ജവാഹറിന്റെ ജനനം. 1889 നവംബര്‍ 14-ന് അലഹബാദിലെ ആനന്ദഭവനില്‍ സമ്പന്നരും സമൂഹത്തില്‍ ഉന്നതസ്ഥാനീയരുമായിരുന്ന മോത്തിലാല്‍ നെഹ്‌റുവും സ്വരൂപ് റാണിയുമായിരുന്നു മാതാപിതാക്കള്‍. 18-ാം നൂറ്റാണ്ടില്‍ കശ്മീരില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ അലഹബാദിലേക്ക് കുടിയേറിയ ബ്രാഹ്മണരാണ് നെഹ്‌റു കുടുംബക്കാര്‍. പിതാവ് മോത്തിലാല്‍ സ്വാതന്ത്ര്യസമര നേതാവും അഭിഭാഷകനുമായിരുന്നു. ജവാഹര്‍ എന്ന വാക്കിന്റെ അര്‍ഥം അമൂല്യരത്‌നം എന്നാണ്. ലാല്‍ എന്നാല്‍ പ്രിയപ്പെട്ടവന്‍ എന്നും.

കൊച്ചു നെഹ്‌റുവിന് അഞ്ചോ ആറോ വയസ് പ്രായമുള്ള കാലം. ഒരിക്കല്‍ അച്ഛന്റെ മേശപ്പുറത്ത് രണ്ടു പേനകള്‍ ഇരിക്കുന്നതു കണ്ടു. ഭംഗിയുള്ള ആ പേനകള്‍ കണ്ട് കൊതിയായി. അച്ഛന് രണ്ട് പേന ആവശ്യം വരില്ലല്ലോ? അവന്‍ സ്വയം പറഞ്ഞു. ആരുമറിയാതെ ഒരു പേന എടുത്ത് ഒളിച്ചു വച്ചു. പേന കാണാതായത് അച്ഛന്റെ ശ്രദ്ധയില്‍പെട്ടു. അച്ഛനും അമ്മയും കൂടെ പേന എല്ലായിടത്തും തിരഞ്ഞു. പേടിച്ച് കൊച്ചു ജവാഹര്‍ മിണ്ടിയില്ല. ഒടുവില്‍ കള്ളനെ പേനയോടു കൂടി പിടികൂടി. അച്ഛന്‍ അവനെ പൊതിരെ തല്ലി. എങ്കിലും അച്ഛനോട് അവന് ഒട്ടും ദേഷ്യം തോന്നിയില്ല, കാരണം ചെയ്തത് തെറ്റാണെന്ന് അവന് മനസിലായിക്കഴിഞ്ഞിരുന്നു.

കുസൃതിക്കാരനായ ആ കുട്ടിയാണ് പിന്നീട് വളര്‍ന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിത്തീര്‍ന്നത്! പ്രഗത്ഭരായ ബ്രിട്ടീഷ് അധ്യാപകരെ നിയമിച്ച് വീട്ടില്‍ വച്ചുതന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനം ഇംഗ്ലണ്ടിലെ ഹാരോ പബ്ലിക് സ്‌കൂളില്‍. തുടര്‍പഠനം കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍.
ഇംഗ്ലണ്ടിലേക്കു ഉപരിപഠനത്തിനു പോയ നെഹ്‌റു ഏഴുവര്‍ഷത്തെ വിദേശ വാസത്തിനൊടുവില്‍ പ്രകൃതി ശാസ്ത്രത്തിലും ബാരിസ്റ്റര്‍ പരീക്ഷയിലും ബിരുദം നേടിയാണ് 1912-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ഇന്ത്യയിലെത്തിയ നെഹ്‌റു പിതാവിനോടൊപ്പം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. എന്നാല്‍ കൂടുതല്‍ സമയം ഭാരത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും തീരുമാനിച്ചു. പട്‌നയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. റൗലറ്റ് ആക്ടിനെതിരേയും ജാലിയന്‍വാല കൂട്ടക്കൊലക്കെതിരെയും ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധിജി നിസഹകരണ പ്രസ്ഥാനം ആരംഭിച്ചതോടെ ജനങ്ങളേയും നേതാക്കളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.

നെഹ്‌റുവിനെ പലപ്രാവശ്യം അറസ്റ്റു ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. വിദേശ വസ്ത്ര ബഹിഷ്‌ക്കരണം, മദ്യ നിരോധനം എന്നിവയുടെ സന്ദേശം ഗ്രാമങ്ങളില്‍ പോലും എത്തിക്കാനുള്ള ചുമതല നെഹ്‌റു ഏറ്റെടുത്തു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും അലഹബാദ് നഗരസഭയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ആറു തവണ തെരഞ്ഞെടുക്കപ്പെട്ടു. 1929-ലെ പുതവത്സര തലേന്ന് നെഹ്‌റു രവി നദിക്കരയില്‍ ത്രിവര്‍ണ പതാക ഉര്‍ത്തി.1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തെ തുടര്‍ന്ന് നെഹ്‌റുവിനെയും മകള്‍ ഇന്ദിരയെയും അറസ്റ്റു ചെയ്ത് ജയിലിലാക്കി.

1915- ഡിസംബറില്‍ ബോംബെയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് ആദ്യമായി നെഹ്‌റു ഗാന്ധിജിയെ കാണുന്നത്. ഗാന്ധിയും നെഹ്‌റുവും തമ്മില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നെഹ്‌റു ഗാന്ധിജിയെ ഗുരുവായാണ് പരിഗണിച്ചിരുന്നത്. ഗാന്ധിജിയുടെ വ്യക്തിത്വം, വിനയശീലം, മൃദുഭാഷി, ഗൗരവക്കാരന്‍ തുടങ്ങിയ സ്വഭാവങ്ങള്‍ നെഹ്‌റുവിനെ ആകര്‍ഷിച്ചിരുന്നു. യുവ നെഹ്‌റുവില്‍ അന്തര്‍ലീനമായിരുന്ന ഗഹനമായ ഏകാന്തത, ആദര്‍ശ ധീരത, ആത്മവിശ്വാസം, ഊര്‍ജസ്വലത എന്നിവയെക്കുറിച്ച് ഗാന്ധിജി ബോധവാനായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റായി നെഹ്‌റുവിനെ അവരോധിക്കുന്നതില്‍ ഗാന്ധിജിക്ക് പങ്കുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button