
തൃശൂര്‍: തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുന്നതിനായി അനസ്തീഷ്യ നല്‍കിയ യുവതി ഒരാഴ്ച കഴിഞ്ഞും ബോധരഹിതയായി തുടരുന്നു. ബന്ധുക്കളുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. കഴിഞ്ഞതിങ്കളാഴ്ചയാണ് ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷ മുതുകില്‍ കുരു വന്നതിനെ തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ എത്തുന്നത്. ഡോക്ടര്‍മാര്‍ ഓപറേഷന് നിര്‍ദേശിച്ചു. ഓപറേഷനു മുന്നോടിയായി അനീഷയ്ക്ക് അനസ്തീഷ്യ നല്‍കുകയും തുടര്‍ന്ന് കൈ തടിച്ചു വരികയും അനീഷ ബോധരഹിതയായതായും ചെയ്തു. എന്നാല്‍ ഇതു വകവെക്കാതെ ഡോക്ടര്‍മാര്‍ ഓപറേഷന്‍ നടത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വീട്ടുകാരുടെ പരാതിയില്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ ബാലകൃഷ്ണന്‍, ജോബി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനസ്തീഷ്യ നല്‍കിയതില്‍ മനപൂര്‍വമായ പിഴവുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തങ്ങളുടെ ഭാഗത്തു നിന്നും പിഴവുണ്ടായിട്ടില്ലെന്നും എന്നാല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അനീഷ തൃശ്ശൂരിലെ മറ്റൊരു സ്വകാര്യആശുപത്രിയില്‍ ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്.
Post Your Comments