Latest NewsKeralaIndia

ആ 550 യുവതികള്‍ ആക്ടിവിസ്റ്റുകളോ യഥാര്‍ത്ഥ ഭക്തരോ? മണ്ഡല മകരവിളക്കും സംഘര്‍ഷ ഭരിതമാകുമെന്ന് ഉറപ്പ്

പത്തനംതിട്ട: മണ്ഡല തീര്‍ത്ഥാടനത്തിനായി 41 ദിവസം നട തുറക്കുമ്പോള്‍ സന്നിധാനത്തെത്താന്‍ അവസരം തേടി ബുക്ക് ചെയ്തിരിക്കുന്നത് 550 യുവതികളാണെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതോടെ തീര്‍ത്ഥാടന കാലം വീണ്ടും സംഘര്‍ഷത്തിലേക്ക് പോകുമോയെന്ന ആശങ്ക ശക്തം. ഇവരില്‍ ആരൊക്കെ യഥാര്‍ത്ഥ ഭക്തരാണെന്നും ആക്ടിവിസ്റ്റുകള്‍ ആരൊക്കെ ഉണ്ടെന്ന കാര്യമൊന്നും വ്യക്തമല്ല. മുന്‍കൂട്ടി ബുക്ക് ചെയ്തവരെ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കാന്‍ ഇക്കുറി പൊലീസിന് സാധിക്കില്ല.

യുവതീപ്രവേശ വിധിയുടെ അടിസ്ഥാനത്തിലാണ് വെര്‍ച്വല്‍ ക്യു, കെഎസ്‌ആര്‍ടിസി എന്നിവയില്‍ യുവതികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തത്. ഇതുവരെ ആകെ 3.5 ലക്ഷം പേരാണ് ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയത്. ഇതില്‍ 40,000 പേര്‍ നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കു കെഎസ്‌ആര്‍ടിസി ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ 550 പേര്‍ യുവതികളാണ്.ആര്‍ക്കു വേണമെങ്കിലും ആരുടെ പേരിലും ബുക്ക് ചെയ്യാം. പ്രതിഷേധക്കാരാണോ ഇത്തരത്തില്‍ ബുക്കിങ് നടത്തിയതെന്നാണു പൊലീസ് അന്വേഷിക്കുന്നത്. 3 ലക്ഷത്തോളം പേര്‍ വെര്‍ച്വല്‍ ക്യൂ മാത്രമാണ് ബുക്ക് ചെയ്തിരിക്കുന്നത്.

ഇവരുടെ കാര്യത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. കെഎസ്‌ആര്‍ടിസി ടിക്കറ്റിന് ഉള്‍പ്പടെ തിരിച്ചറിയല്‍ രേഖ നല്‍കിയാണു ബുക്കിങ് നടത്തുന്നത്. എന്നാല്‍, വെര്‍ച്വല്‍ ക്യൂ മാത്രം ബുക്ക് ചെയ്യുന്നവര്‍ പേരും സ്ഥലവും മാത്രമേ വിലാസമായി നല്‍കാറുള്ളു. ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ വന്നാല്‍ തടയുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെയാണ് ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചത്. ഇവരെ ദര്‍ശനത്തിന് അനുവദിക്കില്ലെന്നുമായിരുന്നു അ്‌ദേഹം പറഞ്ഞത്.

ചിത്തിര ആട്ട വിളക്ക് പൂജ നാളില്‍ ശബരിമലയില്‍ വനിത പൊലീസുകതാരുടെ അടക്കം സാന്നിധ്യമുണ്ടായിരുന്നു.വന്‍ പൊലീസ് സന്നാഹം ഒരുക്കിയിട്ടും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്തെ നിയന്ത്രണം നേരത്തെ സംഘപരിവാര്‍ ഏറ്റെടുത്തത് മുന്നറിയിപ്പാണെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടു തന്നെ യുവതികളെ പതിനെട്ടാംപടി കയറ്റുകയോ സന്നിധാനത്ത് പൊലീസ് അതിക്രമമുണ്ടാവുകയോ ചെയ്താല്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന വിധത്തിലുള്ള ആശങ്കയും സര്‍ക്കാറിനുണ്ട്.

യുവതീപ്രവേശനത്തിനെതിരെ കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. ദേശീയതലത്തില്‍ രഥയാത്ര സംഘടിപ്പിക്കാനും ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button