കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ വല വീശി പിടിക്കാന്‍ പ്രത്യേക തന്ത്രങ്ങളുമായി പൂവാലസംഘം രംഗത്ത്. വാട്സാപ്പിലൂടെയാണ് ഇവരെ വലവീശിപ്പിടിക്കുന്നതു. വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് സഹപാഠികളില്‍ നിന്നുമാണ്. പെൺകുട്ടികളെ വിശ്വസിപ്പിക്കാനും അവരോടു അഗാധ പ്രണയമാണെന്ന് വരുത്താനും വേണ്ടി പ്രണയചിഹ്നം വരച്ച ചോരയൊലിപ്പിക്കുന്ന ചിത്രം വാട്‌സ്‌ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്യുന്നു.
എന്നാൽ ഇവരെ പിടികൂടാൻ പെൺകുട്ടികൾ തന്നെ രംഗത്ത് വന്നതോടെ കളി മാറുകയായിരുന്നു. നഗരത്തിലെ ഒരു സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഇത്തരത്തില്‍ ശല്ല്യപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്.കൂഡലിലെ ഒരു യുവാവിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. പെണ്‍കുട്ടിയെ ഫോണിലൂടെയും ബൈക്കില്‍ പിറകേ എത്തിയും നിരന്തരം ശല്ല്യപ്പെടുത്തിയതോടെയാണ് പെണ്‍കുട്ടിയും രക്ഷിതാക്കളും പരാതിയുമായി പോലീസിലെത്തിയത്.
പല സംഘങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് വലവീശി പിടിക്കാന്‍ രംഗത്തുണ്ടെന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാരെ പിടികൂടാന്‍ പോലീസ് രഹസ്യ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. പല രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷ ഓര്‍ത്ത് മൊബൈല്‍ ഫോണ്‍ നല്‍കുന്നതും ഇവര്‍ക്ക് സഹായകമാകുന്നു. ഈ നമ്പറിലേക്ക് ആദ്യം മിസ്ഡ് കോള്‍ അടിക്കുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടി തിരിച്ചുവിളിച്ചാല്‍ ശല്ല്യം ചെയ്യല്‍ തുടങ്ങും.
നിരവധി വിദ്യാര്‍ത്ഥിനികളെ ഇത്തരത്തില്‍ പൂവാലസംഘം വലയില്‍ വീഴ്ത്തിയതായും വിവരമുണ്ട്. ഒരാള്‍ക്ക് തന്നെ ഒന്നിലധികം കാമുകിമാരുണ്ടെന്നതാണ് മറ്റൊരു വിവരം. ഇവര്‍ക്കൊന്നും പ്രണയമല്ല പെണ്‍കുട്ടികളെ ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമാണ് ഉള്ളതെന്ന് പോലീസ് പറയുന്നു.
Post Your Comments