ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വ്യക്തിപരമായിപ്പോയി എന്നുള്ള തോന്നല്‍ തനിക്കുള്ളതിനാല്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്തിര ആട്ടവിശേഷത്തിന് ശബരില നട തുറന്നപ്പോള്‍ പോലീസ് ഭക്തരെ തടയുന്ന നടപടിക്കെതിരെയും പോലീസിന്റെ മറ്റ് നടപടികള്‍ക്കെതിരെയും പി.സി.ജോര്‍ജ് വിമര്‍ശനം നടത്തിയിരുന്നു.പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ശബരിമലയില്‍ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിധിവന്നപ്പോള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം വിശ്വാസ സമൂഹത്തെ മറന്ന് വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കൈക്കൊണ്ടത്. ഒരു വിശ്വാസി എന്ന നിലക്ക് അന്നുമുതല്‍ ഇന്നുവരെയും വിശ്വാസ സമൂഹത്തോടൊപ്പം വിശ്വാസങ്ങളും, ആചാരങ്ങളും സംരക്ഷിക്കപെടെണമെന്ന ഉറച്ച നിലപാടാണ് ഈ വിഷയത്തില്‍ ഞാന്‍ സ്വീകരിച്ചിട്ടുള്ളത്.
തങ്ങളുടെ ആചാരങ്ങളും, പൈതൃകങ്ങളും, സംസ്‌കാരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി വിശ്വാസികള്‍ പന്തളത്ത് തെരുവില്‍ ഇറങ്ങിയപ്പോള്‍ രാഷ്ട്രീയം മാറ്റി വെച്ച് വിശ്വാസ സമൂഹത്തിന്റെ വികാരമെന്തെന്നറിയുന്ന ജനപ്രതിനിധി എന്ന നിലക്കാണ് അവിടെയെത്തിയതും, അവര്‍ക്കൊപ്പം നിലകൊണ്ടതും. എന്നാല്‍ സമരം ശക്തമായതോടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വിശ്വാസ സമൂഹത്തെ സവര്‍ണ്ണനെന്നും, അവര്‍ണ്ണനെന്നും വേര്‍തിരിച്ച് അവരെ രണ്ടുതട്ടിലാക്കി രാഷ്ട്രീയ മുതലെടുപ്പിനായുള്ള ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ ഉണ്ടാകുകയും പരസ്പരം രാഷ്ട്രീയ ചേരി തിരിഞ്ഞ് ശബരിമലയെ രാഷ്ട്രീയ വിഷയമാക്കി മാറ്റുകയും ചെയ്തു.
മതമൈത്രിയുടെ പ്രതീകമായ ശബരിമലയുടെ കവാടമായ എരുമേലിയില്‍ വിശ്വാസം സംരക്ഷിക്കപെടെണമെന്ന ആവശ്യവുമായി ഞാനുള്‍പ്പടെ നൂറു കണക്കിനാളുകള്‍ ഉപവാസമിരുന്നപ്പോള്‍ സര്‍വ്വമത വിശ്വാസികളും അയ്യപ്പ വിശ്വാസികള്‍ക്കൊപ്പം അണിനിരന്നു.
വളരെ ചെറിയ ശതമാനം മാത്രമുള്ള നിരീശ്വരവാദികളും, ആക്റ്റിവിസ്റ്റെന്ന പേരില്‍ കുറച്ച് അഴിഞ്ഞാട്ടക്കാരും ചേര്‍ന്ന് മൂന്നര കോടിയില്‍ പരം വരുന്ന വിശ്വാസ സമൂഹത്തോട് വെല്ലുവിളി പ്രഖ്യാപിച്ച് ശബരിമല കയറാന്‍ കയറാന്‍ വന്നപ്പോള്‍ ഈ വിഷയത്തില്‍ എനിക്ക് തോന്നിയ അമര്‍ഷവും, പ്രതിഷേധവും പരസ്സ്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കഴിഞ്ഞ ദിവസം പൂജകള്‍ക്കായി ശബരിമയില്‍ നടതുറന്നപ്പോള്‍ ആയിരകണക്കിന് വരുന്ന പോലീസിനെ അണിനിരത്തി നിയന്ത്രണങ്ങളുടെ പേരില്‍ അയ്യപ്പ ദര്‍ശനത്തിനു എത്തിയ ഭക്തരെ വഴിയില്‍ തടയുന്നതിനും മറ്റും നേരില്‍ മനസിലാക്കാന്‍ പമ്പയില്‍ ചെന്നിരുന്നു. അവിടെ വച്ച് ഈ നടപടികളെ കുറിച്ച് ഒരു ചാനല്‍ പ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ നിന്ന് മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഒരു വാക്കുമാത്രം അടര്‍ത്തിയെടുത്തു അദ്ദേഹത്തിന്റെ എതിരാളികള്‍ വളരെ മോശമായ രീതിയില്‍ പകപോക്കലിനായി വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണാനിടയായി. നിലപാടുകളില്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും എന്റെ പരമാര്‍ശം തികച്ചും വ്യക്തിപരമായി പോയി എന്ന തോന്നലുള്ളതിനാല്‍ അദ്ദേഹത്തോട് എന്റെ ഖേദം ഞാന്‍ പ്രകടിപ്പിക്കുന്നു.
ഞാന്‍ നല്‍കിയത് ഉള്‍പ്പടെയുള്ള റിവ്യൂ ഹര്ജികളിന്മേല്‍ ബഹുമാനപെട്ട കോടതിയെ കാര്യങ്ങള്‍ മനസിലാക്കിക്കാന്‍ കഴിയുമെന്നും കോടതിയില്‍ നിന്നും അനുകൂല വിധി നേടാന്‍ സാധിക്കുമെന്നും വിശ്വാസ സമൂഹത്തോടൊപ്പം ഞാനും കരുതുന്നു. അങ്ങനെ അയ്യപ്പ സന്നിധാനം അഴിഞ്ഞാട്ടക്കാര്‍ക്കുള്ള വേദി ആകാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥന പൂര്‍വം കാത്തിരിക്കാം.
– പി.സി. ജോര്‍ജ്.
Post Your Comments