കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണത്തിനുളള അര്‍ഹത ഉറപ്പാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കിര്‍ത്താഡ്സിന്റെ റിപ്പോര്‍ട്ടിന് മേലാണ് സര്‍ക്കാര്‍ ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണം അനുവദിച്ച് ഉത്തരവാക്കിയത്. 1950 ന് മുന്‍പ് കേരളത്തില്‍ കുടിയേറിയ ഇവര്‍ പട്ടികജാതി ചക്കിലിയന്‍ സമുദായമാണെന്നും അവര്‍ക്ക് പട്ടികജാതി സംവരണത്തിന് അര്‍ഹതയുണ്ടെന്നുമാണ് കിര്‍ത്താഡ്സ് കമ്മീഷന്‍റെ കണ്ടെത്തല്‍.
ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് നഗരസഭയിലെ ജോലികള്‍ക്കായി തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന ചക്കിലിയന്‍ സമുദായത്തില്‍പ്പെട്ടവരുടെ പിന്മുറക്കാരാണ് നിലവില്‍ കോഴിക്കോട് ജില്ലയിലുള്ളത്. ഇവര്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് സംബന്ധിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ ഗവേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങിയതും അനുകൂല നടപടി ഉത്തരവായി ഇറക്കിയതും. ചക്കിലിയന്‍ സമുദായം എസ്സി ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും അത് വെളിവാക്കുന്ന തെളിവ് ഇല്ലാതിരുന്നതിനാല്‍ ഇതുവരെ ഈ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
Post Your Comments