ദീപാവലി ആഘോഷത്തിനിടെ തീപിടിത്തവുമായി ബന്ധപ്പെട്ട് രാത്രിയില്‍ സഹായം തേടി മുന്നൂറിലധികം വിളികളെത്തിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ്. തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച്ച രാത്രി മാത്രം തീ പിടിത്തവുമായി ബന്ധപ്പെട്ട് 271 കോളുകളെത്തി. വ്യാഴാഴ്ച്ച രാവിലെ എട്ട് മണിവരെ 74 കോളുകളുമെത്തിയെന്ന് ഡിഎഫ്എസ് അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തീപിടിത്തങ്ങള്‍ ഉണ്ടായെങ്കിലും ഗുരുതരമായി പൊള്ളലെറ്റ കേസുകള്‍ കുറവായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം സദര്‍ ബസാര്‍ മേഖലയിലെ ഫിലിമിസ്ഥാന്‍ സിനിമയ്ക്കടുത്തുള്ള ചേരിയില്‍ തീപിടിത്തത്തില്‍ പത്തും എട്ടും വയസ് പ്രായമുള്ള രണ്ട് കുട്ടികള്‍ മരിച്ചു. ഇവരുടെ അമ്മയും സഹോദരനും 70 ശതമാനം പൊള്ളലോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഡല്‍ഹിയില്‍ അതിരൂക്ഷമാകുന്ന വായു മലിനീകരണം കണക്കിലെടുത്ത് ഇത്തവണ പടക്കത്തിന്റെ ഉപയോഗം കുറവായിരുന്നു. സുപ്രീംകോടതിയും ഇക്കാര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിരുന്നു. പടക്ക വിപണിയേയും ഈ നിയന്ത്രണങ്ങള്‍ സാരമായി ബാധിച്ചിരുന്നു. രാത്രി പത്ത് മണിക്ക്് ശേഷം പടക്കം പൊട്ടിക്കരുതെന്ന കോടതി നിര്‍ദ്ദേശം മിക്കയിടത്തും ലംഘിക്കപ്പെട്ടു. ദീപാവലി ആഘോഷത്തിന് രാത്രി എട്ട് മുതല് പത്ത് വരെയും പുതുവത്സരത്തിന് രാത്രി 11.55 മുതല്‍ 12.30 വരെയുമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളു എന്നാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും ബോധവത്കരണവും നടക്കുന്നുണ്ടായിരുന്നു.
Post Your Comments