ഇസ്ലാമാബാദ്: പാക് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പാക് ക്രിസ്ത്യന്‍ വനിത ആസിയ ബിബി രാജ്യം വിട്ടിട്ടില്ലെന്ന് സര്‍ക്കാര്‍. 2010 ല്‍ മതനിന്ദയുടെ പേരിലായിരുന്നു ആസിയ അറസ്റ്റിലായത്. അയല്‍ക്കാരുമായുണ്ടായ വഴക്കിനിടെ പ്രവാചകനെ നിന്ദിച്ച് സംസാരിച്ചെന്ന കുറ്റത്തിനാണ് അഞ്ച് മക്കളുടെ അമ്മയായ ഇവര്‍ ജയിലില്‍ അടക്കപ്പെട്ടത്. തുടര്‍ന്ന് എട്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന ആസിയയെ കഴിഞ്ഞ ആഴ്ച്ചയാണ് മോചിപ്പിച്ചത്.
ബുധനാഴ്ച്ച രാത്രി ജയില്‍മോചിതയായ ആസിയ അജ്ഞാതമായ ഏതോ സ്ഥലത്തേക്ക് പറന്നെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അവര്‍ ഇപ്പോഴും പാകിസ്ഥാനില്‍ തന്നെയുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് മൊഹമ്മദ് ഫൈസല്‍ അറിയിച്ചത്. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തതാന് അദ്ദേഹം തയ്യാറായില്ല. തലക്കെട്ടുകള്‍ക്ക് വേണ്ടി വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ഒരു നയമായി മാറിയെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഫാവാദ് ചൗധരി പറഞ്ഞു. സ്ഥിരീകരണമില്ലാതെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് നിരുത്തരവാദപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആസിയയെ മോചിപ്പിക്കുന്നതിനെതിരെ പാകിസ്ഥാനില്‍ ടിഎല്‍പിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു എട്ടു വര്‍ഷം കാരാഗൃഹവാസം അനുഭവിച്ച ആസിയ ബീബി കുറ്റവിമുക്തയാക്കപ്പെട്ടിട്ടും ജയില്‍ മോചനം സാധ്യമായിരുന്നില്ല. രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ആസിയയെ സര്‍ക്കാര്‍ ജയിലില്‍നിന്നും മോചിപ്പിക്കാതിരുന്നത്. കഴിഞ്ഞ ആഴ്ച പാക് പരമോന്നത കോടതി ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയതിനെതുടര്‍ന്ന് ബുധനാഴ്ച്ച ഇവരെ മോചിപ്പിച്ചുള്ള ഉത്തരവ് മുള്‍ട്ടാനിലെ ജയിലില്‍ ലഭിക്കുകയായിരുന്നു. പാക്കിസ്ഥാന് വിടാന്‍ സഹായിക്കണമെന്ന് ആസിയയുടെ ഭര്‍ത്താവ് ആഷിക് മസിഹ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോടും അഭ്യര്‍ഥിച്ചിരുന്നു. അതേസമയം ഒട്ടേറെ രാജ്യങ്ങള്‍ ആസിയക്ക് അഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Post Your Comments