ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്ന പീഡനവിവാദത്തിലെ നായകൻ മലയാളിയായ കോൺഗ്രസ്സ് നേതാവെന്ന് സൂചന. സോളാറില്‍ ക്രൈംബ്രാഞ്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കേന്ദ്ര മന്ത്രിയായിരുന്ന കെ സി വേണുഗോപാലിനുമെതിരെ പിണറായി സര്‍ക്കാര്‍ കേസെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ വിവാദവും കോണ്‍ഗ്രസിനെ തേടിയെത്തുന്നത്. ഡല്‍ഹിയില്‍ നാല് വര്‍ഷം മുമ്പ് പീഡനം നടന്നുവെന്ന ആരോപണം ഉന്നയിക്കുന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്.
പാര്‍ലമെന്റ് സന്ദര്‍ശനത്തിനുള്ള പാസിന് വേണ്ടിയാണ് യുവതി നേതാവിനെ സമീപിച്ചത്. ഔദ്യോഗിക വസതിയില്‍ വരാനായിരുന്നു നിര്‍ദ്ദേശം. ഇത് അനുസരിച്ച് വീട്ടിലെത്തിയപ്പോള്‍ ബെഡ് റൂമിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.ഡല്‍ഹി സര്‍വ്വകലാശാലയില്‍ പഠിച്ചിരുന്ന യുവതി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍ എസ് യുവിന്റെ പ്രവര്‍ത്തകയാണ്. കെപിസിസി നേതാക്കളോടും എഐസിസി നേതാക്കളോടും യുവതി ഇതിനോടകം തന്നെ പരാതിപ്പെട്ടു കഴിഞ്ഞു.
മീടൂ ആരോപണത്തിന്റെ ഭാഗമായി പഴയ പീഡന വിവാദം ചര്‍ച്ചയാക്കാനാണ് ശ്രമം. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി കൈമാറുമെന്നും അതിന് ശേഷം ഡല്‍ഹി പൊലീസിനെ സമീപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.കേരളത്തില്‍ നിന്നുള്ള പ്രധാന നേതാവാണ് വിവാദത്തില്‍ കുടുങ്ങുന്നത്. എഐസിസിയുമായി ഏറെ അടുപ്പവുമുണ്ട് ഈ നേതാവിന്. ഇതുകൊണ്ടു തന്നെ യുവതിയെ സ്വാധീനിക്കാൻ ശ്രമം നടന്നെങ്കിലും യുവതി വഴങ്ങിയില്ലെന്നാണ് സൂചന. വിട്ടുവീഴ്ചയ്ക്കില്ലെന്നും വാക്കാല്‍ നല്‍കിയ പരാതി എഴുതിയ നല്‍കുമെന്നും യുവതി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ഇതോടെ പീഡനാരോപണത്തില്‍ നേതാവ് പെടുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ്. എംജെ അക്‌ബറിനെതിരെ മീടു ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് എടുത്തു. അക്‌ബറിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മീടുവില്‍ പരാതി കിട്ടിയാല്‍ രാഹുല്‍ ഗാന്ധിയും ശക്തമായ നിലപാട് എടുക്കുമെന്നാണ് സൂചന. അതിനിടെ ഡല്‍ഹി കോടതിയില്‍ സ്വകാര്യ പരാതി കൊടുക്കുന്നതിലും യുവതി നിയമോപദേശം തേടിയിട്ടുണ്ട്.
Post Your Comments