KeralaLatest News

ക്ഷേത്രാങ്കണത്തില്‍ ദേവീരൂപങ്ങള്‍ ചാലിച്ച് വൈദികര്‍, മതസൗഹാര്‍ദത്തിന്റെ കഥ പറഞ്ഞ് കൂടല്‍ ദേവീക്ഷേത്രം

പത്തനംതിട്ട: കലയും കലാകാരന്‍മാരും കാലത്തിനധീതമാണ്. വെറിപിടിച്ച ജാതി-മത വിദ്വേഷങ്ങളെ നിഷ്പ്രഭമാക്കാന്‍ കലയ്ക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട കൂടല്‍ദേവീക്ഷേത്രത്തില്‍ ദേവീരൂപങ്ങള്‍ വരച്ച് വൈദികരായ ജീസണ്‍ പി. വില്‍സണും, ജോര്‍ജി ജോസഫും. ചുവര്‍ ചിത്രങ്ങളുടെ പൂര്‍ത്തികരണത്തിനായി ചിത്രത്തിന്റെ കണ്ണ് വരക്കുന്നതാണ് മിഴി തുറക്കല്‍. ഇതിനായി ക്ഷേത്രഭാരവാഹികള്‍ കോന്നി തണ്ണീത്തോട് സ്വദേശിയായ വൈദികന്‍ ജീസണ്‍ പി.വില്‍സണെയും അടൂര്‍ സ്വദേശിയായ വൈദികന്‍ ജോര്‍ജി ജോസഫിനെയും ചിത്രകലാ അധ്യാപകനായ സുരേഷ് മുതുകുളത്തെയുമാണ് ക്ഷണിച്ചത്.

ശിവകുടുംബം, സരസ്വതി, അന്നപൂര്‍ണ്ണേശ്ശ്വരി തുടങ്ങിയ ദേവീ രൂപങ്ങളാണ് ഗ്രേസി ഫിലിപ്പ് എന്ന കലാകാരിയുടെ നേതൃത്വത്തില്‍ ഈ കലാകാരന്‍മാര്‍ ക്ഷേത്രച്ചുവരുകളില്‍ വര്‍ണ്ണം ചാലിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോകഴിവുകളുണ്ട്, കലയ്ക്ക് ജാതിമതസ്യത്യാസങ്ങളില്ല. തനിക്കു കിട്ടിയ ദൈവസിദ്ധമായ കഴിവ് സമൂഹത്തിന് സമര്‍പ്പിക്കുന്നതില്‍ ഏറെ സന്തോഷവാനാണ് സരസ്വതി ദേവിയുടെ ചിത്രത്തിന്റെ മിഴി തുറന്ന വൈദികനായ ജീസണ്‍ പി.വില്‍സണ്‍.

ക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങള്‍ എക്കാലത്തും ചരിത്രപ്രസിദ്ധിയുള്ള കലാരുപങ്ങളാണ്. ഇത്തരം ചുവര്‍ചിത്ര കലാകാരന്‍മാര്‍ക്ക് എന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതും. കലാജീവിതത്തില്‍ ലഭിച്ച അപൂര്‍വ്വമായ നിയോഗമാണ് ഈ ചുവര്‍ചിത്ര രചന എന്ന് വൈദികനായ ജീസണ്‍ വിശ്വസിക്കുന്നു. ഇത്തരമൊരാശയം നടപ്പാക്കിയതിലൂടെ ജാതി-മത വേര്‍തിരുവിനെ ഇല്ലാതാക്കുകയാണ് ഈ കലാകാരന്‍മാരും ക്ഷേത്രഭാരവാഹികളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button