
തിരുവനന്തപുരം: പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ചുതള്ളിയ യുവാവ് വാഹമിടിച്ച് മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡിവൈഎസ്പിയുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് അറസ്റ്റ് വൈകാന്‍ കാരണം. യുവാവിന്റെ മരണത്തിന് കാരണമായ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി മണലൂര്‍ ചിത്തിരവിളാകം വീട്ടില്‍ സനല്‍കുമാര്‍ (32) ആണ് മരിച്ചത്. സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരേ കൊലപാതകക്കുറ്റത്തിനു പോലീസ് കേസെടുത്തിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ ഡിവൈഎസ്പിയെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
കൊടങ്ങാവിള ജംഗ്ഷനില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയാണ് ഡിവൈഎസ്പി ഹരികുമാറും സനല്‍കുമാറും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായത്. ഇതിനിടയില്‍ ഹരികുമാര്‍ സനലിനെ പിടിച്ചുതള്ളി. പിറകിലേക്ക് ആഞ്ഞ സനലിനെ അതുവഴിയെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തി. പരിക്കേറ്റ സനലിനെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Post Your Comments