Latest NewsIndia

കടുവയെ കൊന്നതിന്റെ പേരില്‍ അധിക്ഷേപകരമായ പരാമര്‍ശം: കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ ഷാര്‍പ് ഷൂട്ടര്‍ അലി ഖാന്‍

നരഭോജിയായ കടുവയെ കൊന്നതിന്റെ പേരില്‍ തനിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ നിയമനടപടിക്കൊരുങ്ങി
ഷാര്‍പ് ഷൂട്ടര്‍ നവാബ് ഷഫത്ത് അലി ഖാന്‍. മഹാരാഷ്ട്രയിലെ യവത്ത്മാല്‍ വനമേഖലയില്‍ നരഭേജിയായ അവ്നി എന്ന പെണ്‍കടുവയെ വെടിവെച്ചു കൊന്നതിനാണ് കേന്ദ്രമന്ത്രി അലിഖാനെ രൂക്ഷമായി വിമര്‍ശിച്ചത്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഷഫത്ത് അലി ഖാന്‍ ഒട്ടേറെപ്പരുടെ ഉറക്കം കെടുത്തിയ കടുവയെ കൊന്നത്. കടുവയെ വെടിവയ്ക്കാന്‍ ഖാനെ വിളിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെയും മേനക ഗാന്ധി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും ട്വിറ്ററിലൂടെ അവര്‍ തുറന്നടിച്ചു. മൂന്ന് കടുവകളെയും 10 പുലികളേയും കുറെ ആനകളേയും കൊലപ്പെടുത്തിയ വ്യക്തിയാണ് ഖാനെന്നും ദേശവിരുദ്ധ ശക്തികള്‍ക്ക് തോക്ക് വിതരണം ചെയ്യുന്ന കുറ്റവാളിയാണെന്നും മേനക ഗാന്ധി കുറ്റപ്പെടുത്തി.

എന്നാല്‍ തന്നെ ഭീകരവാദിയെന്നും കൊലയാളിയെന്നും വിളിക്കുന്ന കേന്ദ്രമന്ത്രി എന്ത് ഭീകരപ്രവര്‍ത്തനമാണ് താന്‍ ചെയ്തതെന്ന് വിശദീകരിക്കണമെന്ന ഖാന്‍ പ്രതികരിച്ചു. ഒട്ടേറെ സംസ്ഥാന സര്‍ക്കാരുകള്‍ തന്റെ സേവനം ആവശ്യപ്പെടുമ്പോള്‍ താന്‍ എങ്ങനെയാണ് ദേശവിരുദ്ധനാകുന്നതെന്നും ഖാന്‍ ചോദിച്ചു. മന്ത്രിയാണെന്ന് കരുതി ഇത്തരം അസുഖകരമായ ആരോപണങ്ങള്‍ ആര്‍ക്കെതിരെയും പറയാന്‍ പാടില്ലെന്നും ഖാന്‍ ഓര്‍മ്മിപ്പിച്ചു. തന്റെ അഭിഭാഷകരുമായി ആലോചിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നരഭോജിയായ കടുവയെ കൊല്ലാന്‍ ഖാനെ മഹാരാഷ്ട്ര സര്‍ക്കാര്‍ വിളിച്ചപ്പോള്‍ തന്നെ മേനകഗാന്ധി ഇടപെട്ടിരുന്നു. വിമര്‍ശനം ശക്തമായതോടെ ഖാന്‍ തത്കാലത്തേക്ക് പിന്‍മാറുകയും പിന്നീട് സര്‍ക്കാരിന്റെ ആവശ്യപ്രകാരം കടുവയെ വെടിവയ്ക്കുകയുമായിരുന്നു.

shortlink

Post Your Comments


Back to top button