Latest NewsKeralaIndia

ഭക്ത പ്രതിഷേധത്തെ പൊലീസിനെ കൊണ്ട് നേരിടാനാവില്ലെന്ന് ഉറപ്പായതോടെ യുവതി പ്രവേശന വാശി ഉപേക്ഷിച്ച്‌ സര്‍ക്കാര്‍ : ഒരൊറ്റ യുവതി പോലും പ്രവേശിക്കാതെ ഇന്ന് നട അടയ്ക്കും

കമാണ്ടോകളും സായുധ പൊലീസുമെല്ലാം സന്നിധാനത്ത് വെറും കാഴ്ചക്കാരായി.

ശബരിമല: ചിത്തിര ആട്ട ഉത്സവത്തിനും ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാകില്ല എന്ന് ഉറപ്പായി കഴിഞ്ഞു, ഇന്ന് മല കയറാനെത്തിയ സ്ത്രീകൾ യുവതികളാണെന്നു തെറ്റിദ്ധരിച്ചു ഭക്തർ വലിയ പ്രതിഷേധമായിരുന്നു.എന്നാൽ തിരിച്ചറിയൽ രേഖകൾ ഒക്കെ കണ്ടതോടെ സന്നിധാനത്തെത്തി തൊഴുതു മടങ്ങാൻ ഭക്തർ അനുവദിക്കുകയും ചെയ്തു . ഇന്നലെ ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി മലചവിട്ടാനെത്തിയ അഞ്ജുവിനെ വീട്ടുകാരെ വിളിച്ചു വരുത്തിയാണ് പൊലീസ് തിരിച്ചു വിട്ടത്.

വെറും കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമേ പൊലീസിന് കഴിഞ്ഞൂള്ളൂ. പമ്പയിലും ഇത് തന്നെയായിരുന്നു അവസ്ഥ. ആറ് ആന്ധ്രാ സ്ത്രീകളാണ് മടങ്ങിയത്. ഇന്നലെ എത്തിയ ചേര്‍ത്തലക്കാരിയേയും പൊലീസ് തിരിച്ചയച്ചു. ഭക്തരെ നിയന്ത്രിക്കാന്‍ ആവില്ലെന്ന് പൊലീസ് തിരിച്ചറിയുകയാണ്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും പിടിവാശി ഉപേക്ഷിച്ചു. സ്ത്രീ പ്രവേശനം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാരുമെത്തി. ശബരിമലയെ രക്തചൊരിച്ചിലിന്റെ വേദിയാക്കരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടും പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ട്.

ശബരിമലയില്‍ ഏറ്റവും കുറച്ച്‌ തീര്‍ത്ഥാടകരെത്തുന്ന ദിവസങ്ങളില്‍ ഒന്നാണ് ചിത്തിര ആട്ട ഉത്സവം. ഒരു ദിവസത്തേക്ക് മാത്രം നട തുറക്കുന്നതു കൊണ്ട് തന്നെ ഇതരസംസ്ഥാന ഭക്തര്‍ തീരെ കുറവായിരിക്കും. തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുന്നാളിന്റെ പിറന്നാള്‍ ദിവസം എന്നതിന് അപ്പുറമൊരു വിശ്വാസപരമായ പ്രസക്തിയും ഈ ദിവസത്തിനില്ല. അതുകൊണ്ട് തന്നെ തിരക്ക് കുറഞ്ഞ ദിവസം യുവതി പ്രവേശനം സാധ്യമാക്കാമെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. തുലാ മാസ പൂജയ്ക്ക് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ആയിരങ്ങളെ അറസ്റ്റും ചെയ്തു.

ഇതോടെ പ്രതിഷേധം ഉണ്ടാവില്ലെന്നും കരുതി. ഇതെല്ലാം തെറ്റിയതോടെയാണ് പിണറായി വിജയന് മനസ്സ് മാറ്റേണ്ടി വന്നത്. യുവതികളെ കയറ്റേണ്ടെന്ന് പൊലീസിന് നിര്‍ദ്ദേശവും നല്‍കിയതാണ് സൂചന. ശബരിമല പാതയില്‍ പൊലീസ് ഒരുക്കിയ കര്‍ശന സുരക്ഷയില്‍ നട്ടം തിരിഞ്ഞാണ് തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിയത്. സമയ നിയന്ത്രണവും വാഹന പരിശോധനയും കാരണം ആയിരങ്ങള്‍ മണിക്കൂറുകള്‍ വഴിയില്‍ കുടങ്ങി. ശബരിമല പാതയില്‍ ഒരേ വാഹനം അഞ്ചിടത്തു പരിശോധിച്ചു.

കോട്ടയം റൂട്ടില്‍ എരുമേലി, എംഇഎസ് കോളജ് ജംക്ഷന്‍, കണമല, നിലയ്ക്കല്‍, പമ്പ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പത്തനംതിട്ട റൂട്ടില്‍ വടശേരിക്കര, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളിലുമായിരുന്നു വാഹന പരിശോധന. പമ്പസന്നിധാനം പാതയുടെ തുടക്കത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള പതിവു പരിശോധനയും നടന്നു. തന്ത്രി കണ്ഠര് രാജീവരെ പോലും സ്‌കാനറിലൂടെ കയറ്റിയാണു സന്നിധാനത്തേക്കു വിട്ടത്. എന്നാല്‍ ഇരുചെവിയറിയാതെ ബിജെപി നേതാവ് കെ സുരേന്ദ്രനും വിവി രാജേഷും സന്നിധാനത്ത് എത്തി. സ്ത്രീകളെ ഭക്തര്‍ സംശയത്തോടെയാണ് നോക്കുന്നത്.

അമ്പതു തികഞ്ഞില്ലെന്ന് സംശയം തോന്നിയാല്‍ പോലും വലിയ പ്രതിഷേധത്തിന് സാഹചര്യമൊരുങ്ങുന്നു. ശുചിമുറികള്‍ അടച്ചും അന്നദാനം തടസ്സപ്പെടുത്തിയും ഭക്തരെ മലയിറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. ഇരുമുടി കെട്ടുമായെത്തിയ ഭക്തരെല്ലാം ആചാര സംരക്ഷണത്തിന് എന്തും ചെയ്യാന്‍ തയ്യാറാണ്. ഇതാണ് പൊലീസിനെ വെട്ടിലാക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് പാടുപെട്ടു. ഭക്തരെ കൈകാര്യം ചെയ്യാന്‍ പൊലീസിന് കഴിയാത്ത സ്ഥിതിയും ഉണ്ട്. ഇതോടെ സര്‍ക്കാരും വെട്ടിലായി.

കമാണ്ടോകളും സായുധ പൊലീസുമെല്ലാം സന്നിധാനത്ത് വെറും കാഴ്ചക്കാരായി. ഏറെ ബുദ്ധിമുട്ടുകളാണ് മല കയറ്റത്തില്‍ ഭക്തര്‍ക്ക് നേരിടേണ്ടി വന്നത്. ഇത് എന്തിനായിരുന്നുവെന്ന ചോദ്യമാണ് പ്രസ്‌കതം. ശബരിമല വിഷയത്തില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും സര്‍ക്കാരിന് തിരിച്ചടിയായി.ഇരുമുടിക്കെട്ടു പരിശോധിക്കരുതെന്നു പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ബാഗ് പരിശോധനയും ദേഹ പരിശോധനയും നടന്നു. ആട്ടത്തിരുനാളിലെ റെക്കോര്‍ഡ് തീര്‍ത്ഥാടക പ്രവാഹമാണ് ഇത്തവണ.

യുവതീപ്രവേശം തടയാന്‍ സംഘ് പരിവാര്‍ സംഘടനകളുടെ വന്‍സംഘം പമ്പയില്‍ തമ്പടിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് കാര്യങ്ങള്‍ നടന്നതും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ നേതൃത്വത്തില്‍ ഗണപതി അമ്പലത്തിനു സമീപം ആയിരക്കണക്കിന് അയ്യപ്പ ഭക്തര്‍ വിരിവച്ചു കിടപ്പുണ്ട്. ഇതും പതിവില്ലാത്ത കാഴ്ചയായി.ബസ് വിടാന്‍ പൊലീസ് തയാറാകാതെ വന്നതോടെ ആയിരത്തിലധികം വരുന്ന ഭക്തര്‍ പമ്പയിലേക്കുള്ള 20 കിലോമീറ്റര്‍ ദൂരം നടന്നതും പൊലീസിനെ ഞെട്ടിച്ചു.

പത്തുമണിയോടെ സംഘം നടന്നു പോയതിനു ശേഷമാണു കെഎസ്‌ആര്‍ടിസി ബസ് വിടാന്‍ തയാറായത്. നടന്നു പോയവര്‍ ശരണം വിളിച്ചു റോഡ് നിറഞ്ഞു നടന്നതോടെ ബസുകളും പൊലീസ് ജീപ്പുകളും പിന്നിലായി. ഇതിനാല്‍ വൈകിയാണു ബസ് പമ്പയിലെത്തിയത്.ഇതിനിടെയാണ് ദര്‍ശനത്തിനുപോകാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് യുവതിയും കുടുംബവും പമ്പയിലെത്തിയത്. ചേര്‍ത്തല അരീപ്പറമ്പ് സ്വദേശി വിജിത്തും ഭാര്യ അഞ്ജുവും (30) ഇവരുടെ രണ്ടുമക്കളുമാണ് തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ പമ്പയിലെത്തിയത്.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പമ്പാ ആഞ്ജനേയ മണ്ഡപത്തില്‍ ശരണമന്ത്രം ജപിച്ചിരുന്ന് പ്രതിഷേധിച്ചു. ഭക്തരും ഒപ്പം കൂടി. യുവതി മടങ്ങണമെന്നായിരുന്നു ആവശ്യം. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് എത്തിയതെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു യുവതിയേയും കുടുംബത്തേയും പൊലീസ് സംരക്ഷണത്തോടെ തിരിച്ചയച്ചത്. യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.

ഇതിനിടയില്‍ യുവതിയുമായി ബന്ധപ്പെട്ട പശ്ചാത്തലം തിരക്കുകയും ചെയ്തു.  ഭര്‍ത്താവ് മുന്‍ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് നീക്കം കരുതലോടെയായി. ചേര്‍ത്തലയിലെ ബന്ധുക്കളേയും ഇതിനിടയില്‍ പൊലീസ് വിവരം അറിയിച്ചു. രാത്രി വൈകി ഇവരെത്തിയതോടെ യുവതിയും ഭര്‍ത്താവും നിലപാട് മാറ്റി മടങ്ങാന്‍ തയ്യാറാവുകയായിരുന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു ഇവരുടെ മടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button