ലഖ്നൗ: പെൺകടുവയെ ട്രാക്റ്റർ ഉപയോഗിച്ച് ഇടിച്ചു കൊന്നു. ഉത്തർപ്രദേശിലെ ദുധ്വാ ടൈഗർ റിസർവ്വിലാണ് സംഭവം. ഗ്രാമവാസികളിലൊരാളെ പെൺകടുവ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഗ്രാമവാസികളെല്ലാം ചേർന്ന് കടുവയെ കൊന്നത്. മഹാരാഷ്ട്രയിൽ നരഭോജി കടുവയെന്ന് അറിയപ്പെട്ടിരുന്ന അവനി എന്ന പെൺകടുവയെ വേട്ടക്കാർ വെടിവച്ച് കൊന്നത് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ്. പതിമൂന്ന് പേരെയാണ് അവനി ആക്രമിച്ച് കൊന്നതെന്ന് പറയപ്പെടുന്നു. കടുവയെ കൊന്നതിനെതിരെ വന്യമൃഗ സംരക്ഷകർ വൻപ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മനുഷ്യർ വനം കയ്യേറി വന്യമൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലത്തിന് ഭംഗം വരുത്തുന്നത് കൊണ്ടാണ് കടുവകൾ നാട്ടിലിറങ്ങുന്നതെന്നും മനുഷ്യനെ ഉപദ്രവിക്കുന്നതെന്നും വന്യജീവി സംരക്ഷകർ വിശദീകരിക്കുന്നു. തങ്ങളിലൊരാളെ ആക്രമിച്ചതിന് പ്രതികാരമെന്ന പോലെയാണ് ഗ്രാമവാസികൾ എല്ലാവരും ചേർന്ന് കടുവയെ കൊന്നുകളഞ്ഞതെന്ന് ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ മഹാവീർ കൗജിലഗ് പറഞ്ഞു. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ഹോസ്പിറ്റലിലെത്തിക്കാനുള്ള തിരക്കിലായിരുന്നു ഉദ്യോഗസ്ഥർ. അതേ സമയം ഗ്രാമവാസികൾ എല്ലാവരും സംഘം ചേരുകയും കടുവയെ ട്രാക്റ്റർ കൊണ്ട് ചതച്ച് കൊല്ലുകയുമായിരുന്നു.- മഹാവീർ പറയുന്നു.
Post Your Comments