കൊച്ചി: സര്‍ക്കാരിന്റെ ശബരിമല നയത്തില്‍ പ്രതിഷേധിച്ച് ആചാരസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്ന് എന്‍ എസ് എസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സുപ്രീംകോടതി റിവ്യൂ ഹര്‍ജിയില്‍ തീരുമാനം എടുക്കും വരെ നാമജപയാത്രകള്‍ എന്‍ എസ് എസ് തുടരും. ഇതിനൊപ്പം മറ്റ് ഹൈന്ദവ സംഘടനകളും പ്രതിഷേധത്തിന് സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കുകയാണ്. കേരളത്തില്‍ ഉടനീളം പ്രതിഷേധം വ്യാപിപ്പിക്കും.
ഇതിന്റെ ഭാഗമായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്തുമെന്ന് ഹൈന്ദവ ധര്‍മ ആചാര്യ സംഗമം തീരുമാനിച്ചു. കോടതിക്കും സര്‍ക്കാരിനും ‘നല്ലബുദ്ധി’യുണ്ടാകാനാണിത്.ക്ഷേത്രത്തിന്റെ പരിശുദ്ധി നശിപ്പിക്കാന്‍ ആര് ശ്രമിച്ചാലും തടയുമെന്നും വിശ്വാസികളുടെ ഭാഗത്ത് നിന്നാണ് ശ്രമം എങ്കിലും തടയുമെന്നും സംഘം പ്രതിനിധികള്‍ വ്യക്തമാക്കി. ആചാരങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനെ കുറിച്ച് വിശ്വാസികള്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല.
രാജ്യത്തെ 40,000ത്തോളം ക്ഷേത്രങ്ങളുടെ ആരാധനയെയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നതെന്നും സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും സംഘം ആരോപിക്കുന്നു. സന്നിധാനത്ത് കഴിയുന്നത്ര ഭക്തരെ എത്തിക്കാനാണ് സംഘപരിവാറിന്റെ തീരുമാനം. ഇതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. അവരും നാമജപത്തിലൂടെയാണ് പ്രതിഷേധം നടത്തുക. അങ്ങനെ പൊലീസിന്റെ കരുത്തിനെ ഭക്തയിലൂടെ മറികടക്കാനാണ് തീരുമാനം. സമാധാനത്തിലൂടെ പ്രതിഷേധിച്ചാല്‍ പോലും സ്ത്രീ പ്രവേശനം ശബരിമലയില്‍ സാധ്യമാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ക്ഷേത്രത്തിനകത്തെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് ഭരണകൂടം വിട്ടുനില്‍ക്കണമെന്നും എറണാകുളത്തുചേര്‍ന്ന ആചാര്യ സംഗമത്തിനുശേഷം തന്ത്രിസമാജം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ദൈവത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്തവര്‍ ക്ഷേത്രാചാരങ്ങളില്‍ ഇടപെടുന്നത് അവയുടെ നാശത്തിനു കാരണമാകും. എന്‍.എസ്.എസ്. മന്ദിരം ആക്രമിച്ച സമൂഹവിരുദ്ധരുടെപേരില്‍ നിയമനടപടികള്‍ സ്വീകരിക്കണം. കോടതിവിധിയിലും അതേത്തുടര്‍ന്നുണ്ടായ നടപടികളിലും വിശ്വാസിസമൂഹം ആശങ്കയിലാണ്.
ആചാരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ല. ഈശ്വരസാന്നിധ്യത്തെക്കുറിച്ച് വിധിപറയാന്‍ കോടതികള്‍ക്കു കഴിയില്ല. . വിധി ശബരിമലയെ മാത്രമല്ല, കേരളീയ തന്ത്രശാസ്ത്ര വിധിപ്രകാരം ആചാരങ്ങള്‍ അനുഷ്ഠിച്ചുപോരുന്ന നാല്‍പ്പതിനായിരത്തോളം ക്ഷേത്രങ്ങളിലെ ആരാധനാക്രമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
ആചാരലംഘനമുണ്ടാകാതിരിക്കാന്‍ സന്നിധാനത്ത് രക്തം വീഴ്‌ത്താന്‍ പദ്ധതിയിട്ടെന്നുള്ള രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍ തന്ത്രിസമാജം തള്ളി. ക്ഷേത്രത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് വിശ്വാസികളാണെങ്കില്‍പ്പോലും അത് അനുവദിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി.
Post Your Comments