
ശബരിമല: ശബരിമല നട ഈ വരുന്ന ആറിന് തുറക്കാനിരിക്കെ ശനിയാഴ്ച അര്‍ധരാത്രിമുതല്‍ ചൊവ്വാഴ്ച അര്‍ധരാത്രിവരെ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ചയാണ് നട തുറക്കുക. എന്നാല്‍ അതേ ദിവസം രാവിലെ എട്ടുമണിയോടെ മാത്രമേ തീര്‍ഥാടകരെ സുരക്ഷാ പരിശോധനകള്‍ക്കു ശേഷം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും അവിടെനിന്ന് സന്നിധാനത്തേക്കും കടത്തിവിടൂ. അതേസമയം ഭക്തരല്ലാത്ത് ആരേയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ല.
അതേസമയം സുപ്രീം കോടതി വിധി നടപ്പാക്കാന്‍വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് എസ്.പി. ടി. നാരായണന്‍ അറിയിച്ചു. യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ അവര്‍ക്കു വേണ്ട സുരക്ഷയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശം തടയാന്‍ വിവിധ സംഘടനകള്‍ ഒരുങ്ങുന്നതിനാല്‍ നിലയ്ക്കലിലേക്ക് വരുന്ന വാഹനങ്ങള്‍ പോലീസ് പരിശോധിക്കും. എരുമേലി, ളാഹ, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ പോലീസ് യാത്രക്കാരുടെ വാഹന നമ്പറും വിവരങ്ങളും ശേഖരിക്കും.
വടശേരിക്കര, ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവ പ്രത്യേക സുരക്ഷാമേഖലയാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ഈ പ്രദേശങ്ങള്‍ പൂര്‍ണ പോലീസ് നിയന്ത്രണത്തിലായിരിക്കും. ക്ഷിണമേഖലാ എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ രണ്ട് ഐ.ജി.മാര്‍, അഞ്ച് എസ്.പി.മാര്‍, 10 ഡിവൈ.എസ്.പി.മാര്‍ എന്നിവരുള്‍പ്പെടെ 1200 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.
Post Your Comments