ബെര്‍ഹാംപൂര്‍(ഒഡിഷ)•ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് സ്വന്തം വീട്ടില്‍ ഉച്ചയൂണ് ഒരുക്കിയയാള്‍ ബി.ജെ.ഡി (ബിജു ജനതാദള്‍) യില്‍ ചേര്‍ന്നു.
ഹുഗുലപേട്ട സ്വദേശിയായ നവീന്‍ സ്വൈന്‍ ആണ് കഴിഞ്ഞവര്‍ഷം ജൂലൈ 4 ന് പാര്‍ട്ടി പരിപാടിക്കിടെ ഗഞ്ചം ജില്ലയിലെ ഗ്രാമത്തിലെത്തിയ അമിത് ഷായ്ക്കും കേന്ദ്ര മന്ത്രി ധമേന്ദ്ര പ്രധാന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കും വീട്ടില്‍ വിരുന്നൊരുക്കിയത്.
നവീനോപ്പം ബി.ജെ.പി സര്‍പഞ്ച് പ്രദീപ് കുമാര്‍ മലാനയും അദ്ദേഹത്തിന്റെ നിരവധി അനുയായികളും വ്യാഴാഴ്ച ഗ്രാമത്തില്‍ നടന്ന യോഗത്തില്‍ വച്ച് ബിജു ജനതദളില്‍ ചേര്‍ന്നിട്ടുണ്ട്. സ്ഥലത്തെ ബി.ജെ.ഡി എം.എല്‍.എയും മുന്‍ മന്ത്രിയുമായ പ്രദീപ് പ്രാണിഗ്രാഹി ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
വാഗ്ദാനങ്ങള്‍ പാലിക്കുന്നത് കൊണ്ടാണ് ബി.ജെ.ഡിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് 36 കാരനായ നവീന്‍ പറയുന്നു.
‘2013 ഒക്ടോബറിലുണ്ടായ ഫൈലിന്‍ ചുഴലിക്കാറ്റില്‍ എന്റെ വീട് തകര്‍ന്നിരുന്നു. ഉന്നത ബി.ജെ.പി നേതാക്കള്‍ എന്റെ വീട് സന്ദര്‍ശിച്ചിരുന്നു. എന്റെ വീടിന്റെ അവസ്ഥ കണ്ട അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ എനിക്ക് വേണ്ടി ഒന്നും ചെയ്തില്ല’- നവീന്‍ പറഞ്ഞു.
അതേസമയം, ബി.ജെ.ഡി, സംസ്ഥാന സര്‍ക്കാര്‍ ഭാവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തനിക്ക് വീട് ശരിയാക്കി തന്നതായും നവീന്‍ പറഞ്ഞു.
അതേസമയം, നവീന്‍ ബി.ജെ.പി അംഗമായിരുന്നില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കന്‍ഹു ചരന്‍ പതി പറഞ്ഞു. നവീന്‍ ഒരു ദരിദ്രനായിരുന്നത് കൊണ്ടാണ് പാര്‍ട്ടി ദേശീയാധ്യക്ഷന്റെ ഉച്ചയൂണിന് ആ വീട് തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments