ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയ്‌ക്ക് കേരളത്തിലും വന്‍ സ്വീകാര്യത. കേരളത്തില്‍ നിന്നും പദ്ധതിയിലേക്ക് ഇതുവരെ 2.76 ലക്ഷം പേര്‍ ചേര്‍ന്നു കഴിഞ്ഞു. 18നും 40 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും തങ്ങള്‍ക്ക് സേവിംഗ്സ് അക്കൗണ്ടുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് ശാഖകള്‍ വഴി അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. ഇന്ത്യയൊട്ടാകെ 1.24 കോടി പേരാണ് പദ്ധതിയില്‍ ചേര്‍ന്നത്.
ഒക്ടോബര്‍ 27 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ നിന്ന് 2,76,115 പേര്‍ പദ്ധതിയില്‍ ചേര്‍ന്നു. ഇതില്‍ 1,51,103 വനിതകളും 1,24,961 പുരുഷന്‍മാരുമാണ്. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ 27 ലക്ഷത്തില്‍ക്കൂടുതല്‍ പുതിയ വരിക്കാരാണ് പദ്ധതിയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും പദ്ധതിയില്‍ ചേര്‍ന്നത്. സാമൂഹ്യ സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന 2015 മെയ് 9ന് കൊല്‍ക്കത്തയില്‍ വച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് വിഭാവനം ചെയ്‌ത പദ്ധതിയാണിത്. പ്രീമിയം -നിക്ഷേപം തുകക്ക് അക്കൗണ്ട് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും ബാങ്ക് മുഖേനയുള്ള ‘ഓട്ടോ ഡെബിറ്റ്’ സൗകര്യം.പ്രതിമാസ പെന്‍ഷന്‍ വരിസംഖ്യക്ക് അനുസൃതമായിരിക്കും. 42 രൂപ മുതല്‍ 210 രൂപ വരെയുള്ള വരിസംഖ്യക്ക് യഥാക്രമം 1000 രൂപ മുതല്‍ 5000 രൂപ വരെ ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും. ഏതൊരു വ്യക്തിക്കും ഒരു സേവിംഗ് അക്കൗണ്ട് മുഖേന ഈ പദ്ധതിയില്‍ ചേരാം.
Post Your Comments